ഒരു പെയിന്റിംഗ് ഒരു ചിത്രകാരന്റെ ആത്മാവിഷ്കാരമാണ്. ചിത്രകലയേ ജീവന് തുല്യമായി കാണുന്നവരുണ്ട്. അങ്ങനെയൊരു കൂട്ടം സ്ത്രീകളുടെ കൂട്ടായ്മയാണ് 'വരമുഖി'.
വ്യക്തികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യം വെച്ചാണ് ഏതൊരു കൂട്ടായ്മയും പ്രവർത്തിക്കുന്നത്. കോഴിക്കോട്-മലപ്പുറം എന്നീ ജില്ലകളിലെ സ്ത്രീ- ചിത്രകാരികളെ കൂട്ടി ചേർത്തു രൂപം നൽകിയ ഒരു കലാ കൂട്ടായ്മയാണ് വരമുഖി. മജിനി തിരുവങ്ങൂർ എന്ന ചിത്രകാരിയാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിൽ. നിലവിൽ 18 അംഗങ്ങളാണ് വരമുഖിയിലുള്ളത്. "ഇതൊരു കമ്മ്യൂൺ ആണ്. ഒരു സ്വയം പര്യാപ്തമായ ഗ്രൂപ്പ് എന്ന നിലയിൽ കൃത്യമായ ബൈലോകൾ പിന്തുടർന്ന് കൊണ്ടുള്ളതാണ് വരമുഖിയുടെ പ്രവർത്തനം. മാത്രമല്ല ഇതൊരു ക്ലോസ്ഡ് ഗ്രൂപ്പ് ആണ്. ചിത്രകലയെ ഹോബിയാക്കിയവരെയല്ല, മറിച്ച് കല ജീവിതമാക്കിയവരെയാണ് വരമുഖിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
2019 നവംബറിലാണ് വരമുഖിയുടെ ജനനം. ആദ്യത്തെ പരിപാടി നടക്കുന്നത് 2020 ജനുവരിയിൽ നരിക്കുനി വെച്ചിട്ടായിരുന്നു. നരിക്കുനിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കാമ്പസിലായിരുന്നു രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. കൊറോണ ചതിച്ചില്ലായിരുന്നെങ്കിൽ പലയിടങ്ങളിലായി ക്യാമ്പുകൾ വരമുഖി പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. " മജിനി പറയുന്നു. വരഗ്രീൻ ആർട്ടിസ്റ്റ് കമ്മ്യൂൺ വരമുഖിയുടെ സഹോദര കൂട്ടായ്മയാണ്. ജോഷി പേരാമ്പ്രയാണ് ക്യൂറേറ്റർ.
17 ചിത്രകാരികളുടെ ചിത്രങ്ങളാണ് ഈ ഓൺലൈൻ എക്സിബിഷനിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സ്ത്രീഭാവനയിൽ വിരിയുന്ന ചിത്രങ്ങളുടെ ഭംഗിയും, പൂർണ്ണതയും, അർത്ഥവും നമ്മളെ ഭാവനയുടെ മറ്റൊരു ലോകത്തെത്തിക്കുമെന്നത് തീർച്ചയാണ്. ജോളി.എം. സുധൻ, ലിസി ഉണ്ണി, അഞ്ജന.വി.രമേശ്, മജിനി തിരുവങ്ങൂർ, സുചിത്ര ഉല്ലാസ്, നിഷ രവീന്ദ്രൻ, ഹരിത അർജുൻ, അമ്പിളി വിജയൻ, മേരി എർമിന റോഡ്രിഗസ്, രാധിക രഞ്ജിത്ത്, അഞ്ചു പുന്നത്ത്, സ്മിത കാദംബരി, ഷെരീഫ, താര രാജ ഗോപാൽ, നീമ ഷോണിത് ലാൽ, സുചിത്ര ലിനീഷ്, അഭിന ശേഖർ എന്നിവരുടെ ചിത്രങ്ങളാണ് വരമുഖിയുടെ ഓൺലൈൻ പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 30 ന് തുടങ്ങിയ പ്രദർശനം ഒരാഴ്ച നീണ്ടു നിൽക്കും.
