ജീവിതശൈലി, പാരമ്പര്യം - ഈ രണ്ട് ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് പ്രമേഹം. ടൈപ്പ്-1 പ്രമേഹം ചികിത്സകൊണ്ടേ നിയന്ത്രിക്കാൻ കഴിയൂ. എന്നാൽ, ജീവിതശൈലീരോഗമായി പടർന്നു പിടിക്കുന്ന ടൈപ്പ്-2 പ്രമേഹം, മുൻകരുതൽകൊണ്ട് ഒഴിവാക്കാൻ കഴിയും. പാൻക്രിയാസിൽ ഇൻസുലിൻ പുറപ്പെടുവിക്കുന്ന ബീറ്റാ കോശങ്ങളുടെ നാശമാണ് മധ്യവയസ്‌ക്കരിൽ ഈ പ്രശ്‌നം ഉണ്ടാകുവാൻ കാരണം.പ്രമേഹം വരാതെ നോക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം ശരീരത്തിന് ആവശ്യമായ വ്യായാമം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്. നടത്തം, നീന്തൽ, സൈക്ലിങ് ഇങ്ങനെ ഏതുതരം വ്യായാമവുമാകാം. പാരമ്പര്യം, പൊണ്ണത്തടി, പുകവലി, ആവശ്യത്തിന് വ്യായാമമില്ലായ്‌മ, കടുത്ത മാനസിക സമ്മർദം, ഉറക്കമിളപ്പ് എന്നിങ്ങനെ അനേകം സംഗതികൾ പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. രക്തത്തിലെ ഷുഗർനില വളരെപ്പെട്ടെന്ന് വർധിക്കാനും അതുവഴി ആവശ്യമില്ലാത്ത സമയത്ത് കണക്കിലേറെ ഇൻസുലിൻ പുറപ്പെടുവിക്കാൻ നിർബന്ധിതമാക്കുകവഴി ബീറ്റാ കോശങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാനും ഇടയാക്കുന്ന ഫാസ്റ്റ്‌ഫുഡ്, ബേക്കറി സാധനങ്ങൾ കഴിവതും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക. നാരുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക.
ശരീരത്തിൽ ദുർമേദസ്സുണ്ടാകാതെ ശ്രദ്ധിക്കാനും വ്യായാമം സഹായിക്കും. ദുർമേദസ്സ് അഥവാ പൊണ്ണത്തടി എന്നത് പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നോർക്കുക. പുകവലിയും പുകയിലയുടെ ഉപയോഗവും പാടെ ഉപേക്ഷിക്കുക. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർ ഇടയ്‌ക്കിടെ രക്തത്തിലെ ഷുഗർനില നോക്കി, കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം.
സാധാരണഗതിയിൽ, അർബുദം ബാധിച്ചാൽ അതോടെ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരാണ് ഏറെയും. അർബുദബാധയെ മൂന്നായാണ് വൈദ്യശാസ്‌ത്ര വിദഗ്‌ധർ തരംതിരിക്കാറ്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും പുകവലി മുതലായ ശീലങ്ങൾ പാടെ ഉപേക്ഷിക്കുകയും ചെയ്‌താൽ വരാതെ ഒഴിവാക്കാൻ കഴിയുന്നവയാണ് മൂന്നിലൊന്ന് ഭാഗം കാൻസറുകളും. ശരിയായ വ്യായാമം ഇതിന് സഹായിക്കുന്ന ഘടകമാണ്. നാരുകൂടിയ ഭക്ഷ്യവസ്‌തുക്കൾ കൂടുതൽ കഴിക്കണം. ഫാസ്റ്റ്‌ഫുഡും വറുത്തതും പൊരിച്ചതും ഉപ്പ് അധികമുള്ളതുമായ ഭക്ഷ്യവസ്‌തുക്കൾ പരമാവധി ഒഴിവാക്കണം.
മുൻകൂട്ടി കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാനാവുന്നതാണ് അടുത്ത മൂന്നിലൊന്ന് ഭാഗം കാൻസറുകൾ. സ്‌തനാർബുദം, ഗർഭാശയ അർബുദം പോലുള്ളവ ഇതിൽപെടുന്നു. 30 വയസ്സ് കഴിഞ്ഞ സ്‌ത്രീകൾ വർഷത്തിലൊരിക്കൽ വീതം ശരിയായ പരിശോധനയ്‌ക്ക് വിധേയരായാൽ രോഗബാധ നേരത്തെ കണ്ടെത്താനും വേണ്ട ചികിത്സ ലഭ്യമാക്കാനുമാകും. ബാക്കി മൂന്നിലൊന്ന് ഭാഗം കാൻസർബാധയാണ് വന്നുകഴിഞ്ഞാൽ ഭേദമാക്കാൻ കഴിയാത്തത്.
