Hot Posts

6/recent/ticker-posts

ബേബി വാക്കർ എന്ന വില്ലൻ.. അറിയണം ഇക്കാര്യങ്ങള്‍.!



ഇന്ന് എല്ലാ കാര്യങ്ങളും ഈസിയായി നടക്കണം എന്നാണ് എല്ലാവരുടെയും ആ​ഗ്രഹം. അത് കുട്ടികളെ നോക്കുന്ന കാര്യമാണെങ്കിൽ പോലും എളുപ്പവഴി തിരയുന്നവരാണ് ഏറെയും.എല്ലാം പെട്ടന്ന് തന്നെ നടക്കണം എന്ന വാശിയിൽ ആണ് ഇന്ന് ജീവിതം മുന്നോട്ടു പോകുന്നത്. കുഞ്ഞുങ്ങൾ വാക്കറിൽ നടന്നാൽ പെട്ടന്ന് തന്നെ നടക്കാൻ പഠിക്കും എന്ന മിഥ്യാ ധാരണയിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നമ്മളിൽ പലരും വാക്കർ എന്ന ഉപകരണം വാങ്ങി നൽകാറുണ്ട്.  എന്നാൽ ഈ ബേബി വാക്കർ പ്രേമം കുട്ടികൾക്ക് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ബേബി വാക്കറുകൾ കുട്ടികളിൽ ഗുണകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവെക്കുന്നുണ്ട് എന്നാണ് ‘പീഡിയാട്രിക്‌സ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിൽ നടത്തിയ ഒരു ഗവേഷണ റിപ്പോർട്ടിൽ, 1990 നും 2014 ഇടയിലായി വാക്കർ അപകടങ്ങൾ മൂലം 2,30,676 എമർജൻസി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ തൊണ്ണൂറ് ശതമാനം കേസുകളും തലയ്‌ക്കോ പിടലിക്കോ അപകടം പറ്റിയിട്ടുള്ളതാണ്. അപകടങ്ങളിൽ പെടുന്ന ഭൂരിപക്ഷം കുട്ടികളുടെയും പ്രായമാകട്ടെ, വെറും എട്ട് മാസവും. ഒരു കുട്ടി നീന്തി തുടങ്ങേണ്ടുന്ന പ്രായമാണ് എട്ടാം മാസം. ബേബി വാക്കറിൽ ‘ഇരുന്ന്’ നടക്കുന്ന ഒരു കുട്ടി സെക്കന്റിൽ നാലടി വരെ സ്പീഡിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് ശരാശരി കണക്ക്. എന്തിലും കൗതുകം കാണിക്കുന്ന കുട്ടികൾക്ക് ഈ ‘ഇരുന്നു നടത്ത’ത്തിലെ അപകടങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ല. രക്ഷിതാക്കളാകട്ടെ, കുട്ടികളെ പെട്ടന്ന് നടന്നു കാണാനുള്ള വ്യഗ്രതയിലും, കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടമായും വാക്കറുകൾ വീട്ടിലെത്തിക്കുന്നു.
വാക്കറുകൾ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാനുള്ള മാർഗമായി പഠന സംഘം മുന്നോട്ടു വെക്കുന്ന പ്രധാന നിർദേശം, വാക്കറുകൾ തന്നെ ഉപേക്ഷിക്കുക എന്നുള്ളതാണ്. അതായത്, കുഞ്ഞുങ്ങളെ അവരുടെ സ്വാഭാവിക വളർച്ചക്ക് വിടുക. വാക്കറുകളെല്ലാം എടുത്തു മാറ്റി അവർക്ക് നീന്തിയും മുട്ടിലിഴഞ്ഞും പടിപടിയായി നടക്കാനുള്ള സാവകാശം കൊടുക്കുക.
Reactions