കോട്ടയം: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗം എൽഡിഎഫിൽ. കോട്ടയത്ത് നേതൃയോഗത്തിന് ശേഷം ജോസ് കെ.മാണി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിർണായക രാഷ്ട്രീയ പ്രഖ്യാപനമുണ്ടായത്. കർഷകർക്കു വേണ്ടി എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു.
രാഷ്ട്രീയപരമായും വ്യക്തിപരമായും ധാർമിക ഉയർത്തിപ്പിടിക്കേണ്ടതിനാൽ രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. യുഡിഎഫുമായുള്ള ദീർഘകാല ബന്ധമാണ് അവസാനിപ്പിക്കുന്നത്. 38 വർഷത്തിന് ശേഷമാണ് മാണി ഗ്രൂപ്പിന്‍റെ മുന്നണിമാറ്റം. 1982ന് ശേഷമാണ് മാണി ഗ്രൂപ്പ് ഇടതിനൊപ്പം ചേരുന്നത്.
യുഡിഎഫിൽനിന്ന് ചതിയും അനീതിയും നേരിട്ടു. കെ.എം. മാണിയുടെ രാഷ്ട്രീയത്തെ യുഡിഎഫ് അപമാനിച്ചു. ആത്മാഭിമാനം അടിയറവച്ച് യുഡിഎഫിൽ മുന്നോട്ട് പോകാൻ സാധിക്കില്ലായിരുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. രാജ്യത്ത് വർഗീയ ശക്തികളെ എതിർക്കാൻ എൽഡിഎഫിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
