Hot Posts

6/recent/ticker-posts

പ്രഖ്യാപനം കടലാസ്സില്‍ മാത്രം..! ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമായില്ല.. വാഗമണില്‍ പ്രതീക്ഷയോടെയെത്തിയ സഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു.



വാഗമണ്‍: ഈമാസം 12 നാണ് കേരളത്തിലെ ബീച്ചുകളൊഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശനത്തിന് സജ്ജമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.. ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന വിവരം സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമൂഹമാധ്യമങ്ങള്‍ വഴി ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. 


എന്നാല്‍ വാര്‍ത്തകള്‍ വിശ്വസിച്ച് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയ സഞ്ചാരികള്‍ നിരാശരായി മടങ്ങുന്ന സാഹചര്യമാണുണ്ടാകുന്നത്. കോട്ടയം ഇടുക്കി ജില്ലകളിലെ വാഗമണ്‍ ഉള്‍പ്പെടെയുള്ള മലയോര ടൂറിസം മേഖലകളില്‍ ടൂറിസം പുനരാരംഭിക്കുന്നതിനുവേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. വാഗമണിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പൈന്‍മരക്കാട്, മൊട്ടക്കുന്നുകള്‍, ആത്മഹത്യാ മുനമ്പ് എന്നിവയിലേക്കുള്ള പ്രവേശനവും ഗതാഗതവും പോലും പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും തുടങ്ങാനായിട്ടില്ല. 



ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഗതാഗതവും ഉള്‍പ്പെടെയുള്ള ജീവനക്കാരും പുതിയ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നുവെങ്കിലും വരുമാന മാര്‍ഗ്ഗങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമാകാന്‍ ഇനിയും ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണിവര്‍.. വ്യാപാര സ്ഥാപനങ്ങള്‍ ലേലത്തില്‍ നല്‍കുന്നതിനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചിട്ടില്ല.


വാഗമണിലെ  പ്രധാന കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോക്ഡൗണില്‍ മാസങ്ങളൊളം വീടുകളില്‍ വിരസതയില്‍ കഴിഞ്ഞിരുന്നതിനാല്‍ വാഗമണിലെ സ്വാഭാവിക കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് മടങ്ങാനായതിന്റെ സംതൃപ്തിയിലാണ് വന്നവര്‍..


കോട്ടയം ഇടുക്കി ജില്ലകളിലെ പ്രധാന റോഡുകളും ഭാഗികമായി തകര്‍ന്ന നിലയിലാണുള്ളത്. ലോക്ഡൗണിന് ശേഷം ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വകയായി നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടന്നിട്ടില്ല. ഡിറ്റിപിസിയുടെ ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ റിസോര്‍ട്ടുകളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. സഞ്ചാരികളെത്തിയാല്‍ കാണാന്‍ കാഴ്ചകളില്ലെന്നു മാത്രമല്ല, താമസിക്കുന്നതിനുള്ള സൗകര്യമോ കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
Reactions