Hot Posts

6/recent/ticker-posts

പതിവായുള്ള ഔദ്യോഗിക ബന്ധം സ്വപ്‌നയും കുടുംബവുമായും സൗഹൃദത്തിനിടയാക്കി. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കര്‍



തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ആരോപണവിധേയനായതോടെയാണ് എം. ശിവശങ്കര്‍ ഐഎഎസിന്റെ ഔദ്യോഗിക മികവിലെ തിളക്കം മങ്ങാൻ  ഇടയാക്കിയത്. സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധവും ഇതിന് കാരണമായി. കോണ്‍സുലേറ്റുമായി ചേര്‍ന്ന് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സ്വപ്നയെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ശിവശങ്കര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പതിവായുള്ള ഔദ്യോഗിക ബന്ധം സ്വപ്‌നയും കുടുംബവുമായും സൗഹൃദത്തിനിടയാക്കി. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെളിപ്പെടുത്തിയിരുന്നു. പാഴ്‌സല്‍ പിടികൂടിയ ശേഷമാണ് സ്വപ്‌നയും സുഹൃത്തുക്കളും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഓഫിസ് ദുരുപയോഗിച്ചുവെന്നും ആരോപണമുയർന്നത്. പിന്നീട് സ്വപ്‌നയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കുന്നു.

എന്നാൽ കേസിലെ പ്രതികള്‍ക്കായി സെക്രട്ടേറിയറ്റിനു സമീപം ഫ്‌ളാറ്റ് എടുക്കാന്‍ സഹായിച്ചതും സ്വപ്‌നയ്ക്കായി ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സ്വപ്‌നയ്ക്കു സ്‌പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്താന്‍ ഇടപെട്ടതും ലൈഫ് മിഷന്‍ ഇടപാടില്‍ സ്വപ്‌നയ്ക്കു കമ്മിഷന്‍ കിട്ടിയതുമൊക്കെ ശിവശങ്കറിനെ സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു. ഇതിനിടെ ശിവശങ്കര്‍ നടത്തിയ പല വിദേശയാത്രകളിലും സ്വപ്‌ന സുരേഷ് ഒപ്പമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതില്‍ ഏറെയും ദുബായ് യാത്രകളായിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷനും സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ച പണവും ഡോളറാക്കി മാറ്റി സ്വപ്‌ന ദുബായിലേക്കു കടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന് ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. കോണ്‍സുലേറ്റ് വിട്ട സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

ഷാര്‍ജ ഭരണാധികാരിയില്‍നിന്നു സ്വപ്‌നയ്ക്കു ടിപ്പായി ലഭിച്ച പണം അക്കൗണ്ട് ചെയ്യണമെന്ന സ്വപ്‌നയുടെ ആവശ്യം അനുസരിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നാണു ശിവശങ്കര്‍ പറഞ്ഞത്. ഇതിന് 12 മാസത്തോളം പിന്നിട്ട ശേഷമാണ് സ്വർണക്കടത്ത് കേസിൽ സ്വപ്ന ആരോപണവിധേയയായതെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശിവശങ്കറുമായുള്ള ബന്ധം സ്വപ്ന സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരുന്നോ എന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിച്ചു. 

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നു കരുതാനാകില്ലെന്ന നിലപാടും ഇഡി സ്വീകരിച്ചു. സ്വപ്‌നയുടെ പണം സൂക്ഷിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ദുരൂഹത നിറഞ്ഞതാണെന്ന് ഇഡി വ്യക്തമാക്കി. സ്വപ്‌നയ്ക്കു വേണ്ടി പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും ശിവശങ്കര്‍ 'ഓകെ' എന്നു വാട്സാപ്പിൽ മറുപടി നല്‍കിയെന്നും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
Reactions