പാലാ: കോട്ടയം ജില്ലയിലെ ചെറുകിട കര്‍ഷകര്‍ക്കു തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനും സഹായിക്കുന്നതിനായി ഫാംഫ്രണ്ട് എന്ന പേരില്‍ സൗജന്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കെ ആര്‍ നാരായണന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.
രാജ്യത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിയ വിശ്വമലയാളിയായിരുന്നു കെ ആര്‍ നാരായണനെന്ന് മാണി സി കാപ്പന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ കര്‍ഷകര്‍ക്കു മൊബൈല്‍ ആപ്ലിക്കേഷന്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, സാബു എബ്രാഹം, ബേബി സൈമണ്‍, തൊമ്മന്‍ ജോസ്, കെ ആര്‍ സൂരജ് എന്നിവര്‍ പ്രസംഗിച്ചു.
ഫാംഫ്രണ്ട് ആപ്ലിക്കേഷന്‍ പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആപ്ലിക്കേഷന്‍ ഉപജ്ഞാതാവ് തൊമ്മന്‍ ജോസ് എന്നിവര്‍ അറിയിച്ചു. ആഡ്രോയിഡ് ഫോണുകളിലാണ് ആപ്ലിക്കേഷന്‍ ലഭ്യമാക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ തികച്ചും സൗജന്യമാണ്. ആദ്യഘട്ടത്തില്‍ കോട്ടയം ജില്ലയിലാണ് സേവനം ലഭ്യമാക്കുന്നത്. തുടര്‍ന്നു സേവനം വ്യാപിപ്പിക്കും. ആപ്ലിക്കേഷനില്‍ തങ്ങള്‍ക്കു വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഉള്ള പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്കു അവരവരുടെ ഫോണ്‍ നമ്പര്‍ സഹിതം ലിസ്റ്റ് ചെയ്യാനാകും. ഇതുവഴി നേരിട്ടു കച്ചവടം സാധ്യമാകുന്നതോടെ കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കാനാകും.
ആപ്പിന്റെ ഉപജ്ഞാതാവായ തൊമ്മന്‍ ജോസ് ഇടപ്പറമ്പില്‍ പ്രൊഫ ജോസ് ജോസഫിന്റെ പുത്രനും കോര്‍പ്പറേറ്റ് ഫിലിം ഡയറക്ടറുമാണ്. കോവിഡ് തുടക്ക സമയത്ത് വീട്ടില്‍ ഉത്പാദിപ്പിച്ച 70 കിലോ കപ്പ വില്‍ക്കാനായി കടകള്‍ കയറിയിറങ്ങിയെങ്കിലും നടക്കാതെ വന്നതോടെയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയതും കെആര്‍ നാരായണനോടുള്ള ആദരസൂചകമായി ജന്മശതാബ്ദിയോടനുബന്ധിച്ചു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതും.

