തമിഴ്നാട്ടില്‍ വീണ്ടും കോടികളുടെ മൊബൈല്‍ ഫോണുകൾ കവര്‍ന്നു. പത്തു കോടി രൂപയുടെ റെഡ്മി ഫോണുകളുമായി പോയ ട്രക്ക് തമിഴ്നാട്–കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരില്‍ വച്ചു തട്ടിയെടുത്തു. ഒരു മാസത്തിനിടെ സമാന രീതിയില്‍ നടക്കുന്ന നാലാമത്തെ ഫോൺ കവര്‍ച്ചയാണിത്. മധ്യപ്രദേശില്‍ നിന്നുള്ള കൊള്ള സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ചെന്നൈക്കു സമീപമുള്ള ശ്രീ പെരുമ്പത്തൂരിലെ പ്ലാന്റിലാണ് ജനപ്രിയ ബ്രാൻഡായ ഷവോമി, റെഡ്മി ഫോണുകൾ നിർമ്മിക്കുന്നത്. ഇന്നലെ രാത്രിയാണ് ഒരു കണ്ടെയ്നര്‍ നിറയെ ഫോണുകള്‍ പ്ലാന്റില്‍ നിന്ന് മുംബൈയിലേക്ക് അയച്ചത്. തമിഴ്നാട് –കര്‍ണാടക അതിര്‍ത്തിക്ക് സമീപം ഹൊസൂരില്‍ വച്ചാണു സിനിമാ സ്റ്റൈല്‍ കവര്‍ച്ച നടന്നത്. ഹൊസൂര്‍ ടൗൺ എത്തുന്നതിനു തൊട്ടുമുൻപ് ഹൈവേയിൽ ലോറി കുറുകെ നിർത്തി കവര്‍ച്ചാ സംഘം ഗതാഗതം തടസപ്പെടുത്തി. ഡ്രൈവര്‍ ക്യാബിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തോക്കുമായി ഒരു സംഘം ലോറി വളഞ്ഞു. കൈകൾ പിന്നിലേക്ക് കെട്ടി, വായിൽ തുണി തിരുകി ഡ്രൈവറെയും സഹായിയെയും അതെ ലോറിയിൽ ബന്ദിയാക്കി. തുടര്ന്നു കൊള്ളസംഘം ലോറിയുടെ നിയന്ത്രണം ഏറ്റെടുത്തു, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ഫോണുകള്‍ മറ്റൊരു വാഹനത്തിലേക്കു മാറ്റിയതിനുശേഷം ലോറിയും ഡ്രൈവര്‍മാരെയും മേലുമലൈ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
