Hot Posts

6/recent/ticker-posts

സ്വകാര്യ ആശുപത്രികളിലെ കിടക്കകളില്‍ പത്തു ശതമാനം ഇനി കോവിഡ് രോഗികള്‍ക്കു മാത്രം.. പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ നടപടി



കോട്ടയം: ജില്ലയില്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രമാണ് കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികിത്സയ്ക്ക് ഈ സംവിധാനങ്ങള്‍ അപര്യാപ്തമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയരാകാന്‍ താത്പര്യമുള്ളവര്‍ക്ക് അയല്‍ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കിടക്കകളില്‍ പത്തു ശതമാനമെങ്കിലും കോവിഡ് രോഗികള്‍ക്കു മാത്രമായി മാറ്റിവയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചതായി കോട്ടയം ജില്ലാകളക്ടര്‍ അറിയിച്ചു. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉത്തരവിറക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികള്‍ക്ക് അവിടെതന്നെ ചികിത്സ ലഭ്യമാക്കണം. ഉത്തരവ് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51(ബി) പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Reactions