ചില മനുഷ്യരുണ്ട് ജീവിതം തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും എനിയ്ക്കും ജീവിക്കണം ജീവിച്ചേ മതിയാവു എന്ന് പറഞ്ഞ് കൊണ്ട് മുമ്പിലുള്ള തടസ്സങ്ങളെയെല്ലാം ചുഴറ്റിയെറിഞ്ഞു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി കത്തിച്ചു വെച്ച് ആതമവിശ്വാസത്തോടെ മുന്നേറുന്നവർ. പ്രതിസന്ധികളിൽ തളരാതെ കൂടുതൽ കരുത്തോടെ പിടിച്ചു നിൽക്കുകയും പിടിച്ചു നിന്ന അതേ തൂൺ തുഴയാക്കി ജീവിതത്തിന്റെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞടുക്കുകയും ചെയ്യുന്നവർ. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് പ്രചോദനമായി മാറുന്നത് എപ്പോഴാണെന്ന് ആലോചിച്ചിട്ടുണ്ടോ ?
ജീവിതത്തിൽ തോൽവി സമ്മതിച്ചിരിക്കുന്നവർക്കു മുന്നിൽ ആത്മവിശ്വാസമുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുക്കുമ്പോൾ. ആരുടെ മുന്നിലും കൈ നീട്ടാതെ സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നവർ.
ഇത് ദീജ. തിരുവനന്തുപുരം വർക്കല-മുത്താന സ്വദേശി. സതീശന്റെയും, സുധർമ്മിണിയുടെയും രണ്ടു പെൺമക്കളിൽ ഇളയവൾ. ഓടി നടക്കേണ്ട പ്രായത്തിൽ തന്നെ പോളിയോ ബാധിച്ചു കാലിന്റെ ചലനം നഷ്ടമായി. മൂന്നു വയസ്സുള്ള സമയത്തായിരുന്നു പോളിയോ ബാധിച്ചത് അത് കൊണ്ട് തന്നെ കുഞ്ഞു പ്രായത്തിലെ സ്കൂൾ ജീവിതം ദീജയ്ക്ക് അന്യമായി. പതിമൂന്നു വയസ്സുവരെ ഒരുപാട് ചികിത്സകൾക്കും, പ്രാർത്ഥനകൾക്കും നടുവിലാണ് ദീജ ജീവിച്ചത് . എന്നാലും മെല്ലെ മെല്ലെ ദീജ സ്വയം അവസ്ഥയെ അംഗീകരിയ്ക്കാൻ പഠിച്ചു വരികയായിരുന്നു. ലോകം നാല് ചുവരുകൾക്കുള്ളിലായി. ചേച്ചി പറയുന്ന സ്‌കൂൾ വിശേഷങ്ങൾ ഒക്കെ അതിയായ താൽപ്പര്യത്തോടെ കേട്ടിരുന്നു. ചേച്ചിയുടെ സഹായത്തോടെ വീട്ടിലിരുന്ന് ഒറ്റയ്ക്ക് പഠിച്ചു. അത് മാത്രമല്ല, താൻ നേടിയ അറിവുകൾ വെച്ച് അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊടുത്തു. കൃഷിയും, പാചകവും, വായനയുമായിരുന്നു ദീജയ്ക്കേറെ പ്രിയപ്പെട്ട കാര്യങ്ങൾ.
"ഒരുപാട് വായിക്കുമാരുന്നു. അന്നൊക്കെ ഒറ്റപ്പെടൽ ആണല്ലോ വായിച്ചത് തന്നെ വീണ്ടും വായിക്കും. അങ്ങനെ എന്തൊക്കെയോ ചെയ്ത് കൊണ്ട് തള്ളി നീക്കിയ നേരങ്ങൾ. അന്നൊന്നും പ്രാരാബ്ധങ്ങളേകുറിച്ചൊന്നും അറിയില്ലല്ലോ. നമ്മുടെ കാര്യങ്ങളൊക്കെ വീട്ടുകാര് നോക്കും.
ഒരു 2005 ഒക്കെ ആയപ്പോഴേക്ക് എന്നെക്കൊണ്ട് കഴിയുന്ന പണികളെല്ലാം ചെയ്തു തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കൽ വീട്ടിൽ ഗോപകുമാർ എന്നൊരു ഹെല്ത്ത് ഇൻസ്‌പെക്ടർ വന്നു അദ്ദേഹമായിരുന്നു ജീവിതത്തിന്റെ ആദ്യ വഴിത്തിരിവിന് കാരണക്കാരനായത്. എന്തെങ്കിലുമൊക്കെ ചെയ്യണം ഇങ്ങനെയിരുന്നാൽ പോരാ എന്ന് ഓർമ്മപ്പെടുത്താനായിരുന്നു അദ്ദേഹം വന്നത്. ഒരുപാട് മനുഷ്യർക്കു ഇരുട്ടിൽ നിന്നും വെളിച്ചമേകാൻ ഇദ്ദേഹത്തെ പോലെയുള്ളവർ കാരണമായിട്ടുണ്ട്. അങ്ങനെ സാർ ഏൽപ്പിച്ച ഒരു ആശാ പ്രവർത്തക വീട്ടിൽ വന്നു. എന്നെ ഫാഷൻ ജ്വല്ലറി മേക്കിങ് പഠിപ്പിച്ചു. ഞാനത് പഠിച്ചു. ഞാൻ താമസിച്ചിരുന്ന വീട് ഒരു കുഴിയിലെ വീടായിരുന്നു എന്ന് വെച്ചാൽ എനിയ്ക്ക് ആ വീട്ടിൽ നിന്ന് പുറത്ത് പോവാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഒരു വർഷമൊക്കെ കൂടുമ്പോഴാണ് ഞാൻ പുറത്തു പോയിരുന്നത്. എനിയ്ക്ക് എന്റെ കൂട്ടുകാരി പറഞ്ഞു തരുന്നതായിരുന്നു ലോകം. എന്തേലും വയ്യായ്ക വന്നാൽ ഹോസ്പിറ്റലിലേക്ക് കാണിയ്ക്കാൻ പോവാൻ പോലും പറ്റുമായിരുന്നില്ല. വിവരം പറഞ്ഞു എനിയ്ക്ക് മരുന്ന് വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. അങ്ങനെ എന്റെ സങ്കടവും, ബുദ്ധിമുട്ടും കാരണം ആ വീട് വിറ്റു. കടബാധ്യകളിലൂടെയൊക്കെ തന്നെ അത്യാവശ്യം വണ്ടി ഒക്കെ കയറുന്ന വീട്ടിലേക്ക് താമസം മാറി. അങ്ങനെയിരിക്കെ എന്റെ മാമന്റെ മോനാണ് എന്നോട് ചേച്ചിയ്ക്ക് ഒരു ഫേസ്ബുക് ഐഡി ഉണ്ടാക്കി തരാം എന്ന് പറയുന്നത്. എനിക്കാണേൽ അതിനെക്കുറിച്ചു ഒന്നുമറിയില്ലായിരുന്നു.. അങ്ങനെ ഞാൻ ഫേസ്ബുക്കിൽ കയറി ഒരുപാട് നല്ല സുഹൃത്തുക്കളേ കിട്ടി. ചീത്തതിനെ അകറ്റി നിർത്താൻ പഠിച്ചു വളർന്നത് കൊണ്ട് അത്തരക്കാരെ ഒഴിവാക്കാനും അല്ലാത്തവരെ ചേർത്ത് നിർത്താനും കഴിഞ്ഞു. മാലയും, വളയുമൊക്കെ ഉണ്ടാക്കിയതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഇടുകയും ഒരുപാട് പേര് അതെല്ലാം വാങ്ങി സഹായിക്കുകയും ചെയ്തു. ആഭരണങ്ങൾ ഉപയോഗിക്കാത്ത എന്റെ കൂട്ടുകാരും എന്നെ സഹായിയ്ക്കാൻ വേണ്ടി അതൊക്കെ വാങ്ങിച്ചു."
അങ്ങനെ പോകുമ്പോഴാണ് ദീജ സോഷ്യൽ മീഡിയയിലെ ഒരു ഗ്രൂപ്പിൽ നിന്നും കൊല്ലം കാരനായ നൗഷാദ് നെ പരിചയപ്പെടുന്നത്. നൗഷാദ് ആണ് ദീജയെ സ്വന്തമായൊരു സംരംഭം തുടങ്ങാൻ സഹായിക്കുന്നത്. ജീവിതത്തിലെ വലിയ മാറ്റങ്ങൾക്ക് കാരണമായ ആൾ ആണ് നൗഷാദ് എന്ന് ദീജ പറയുന്നു.
"വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന സമയമായിരുന്നു അത്. ചെറുപ്പം തൊട്ടേ പാചകം ഇഷ്ട്ടമായിരുന്നു. അച്ഛൻ നല്ല പാചകക്കാരനായിരുന്നു. എന്റെ കുഞ്ഞിലേ ഞങ്ങൾക്ക് ഒരു ഹോട്ടൽ ഒക്കെ ഉണ്ടായിരുന്നു. ചിലപ്പോ അച്ഛന്റെ ആ ഇഷ്ട്ടമായിരിക്കാം എന്നിലേക്കും കൈമാറി കിട്ടിയത്. അങ്ങനെ നൗഷാദ് ഇക്കയുമായി ആലോചിച്ചു നൈമിത്ര അച്ചാറുകൾ ഉണ്ടാക്കുന്നതിലേക്കെത്തി. കലർപ്പില്ലാത്ത രുചിക്കൂട്ടുകൾ ഉപയോഗിച്ചാണ് അച്ചാറുകൾ തയ്യാറാക്കുന്നത്. എല്ലാതരം അച്ചാറും ഉണ്ടാക്കും. ഇപ്പോൾ അച്ചാറിനെ പുറമെ ചെമ്മീൻ പൊടി, പുളി, വെളിച്ചെണ്ണ, മസാലപൊടികൾ, എന്നിവയൊക്കെ ചെറിയ രീതിയിൽ തുടങ്ങിയിട്ടുണ്ട്.
ചെറിയ ഒരു കടയുണ്ട്. പുറത്തെ കാര്യങ്ങളൊക്കെ നൗഷാദ് ഇക്കയാണ് നോക്കുന്നത്. ആദ്യമൊക്കെ ഞാൻ കടയിൽ പോയിരിക്കുമായിരുന്നു. ഇപ്പോൾ അച്ഛൻ മരിച്ച ശേഷം പോവാതെയായി. നൗഷാദ് ഇക്കയാണ് ഇപ്പോൾ കടയിലിരിക്കുന്നത്."
അച്ചാറിനെക്കുറിച്ചും, പാചകത്തെക്കുറിച്ചും സംസാരിച്ചു തുടങ്ങിയപ്പോൾ ദീജ ഉത്സാഹവതിയായി. നൈമിത്ര എന്ന പേരിട്ടത് ദീജ തന്നെയാണ്. ഇടുമ്പോൾ അതിന്റെ അർത്ഥം എന്താണെന്നറിയില്ലായിരുന്നു. പിന്നെയാണ് "പുതിയ സുഹൃത്ത് " എന്നാണു നൈമിത്രയുടെ അർത്ഥം എന്നറിയുന്നത്. ശരിക്കും പുതിയ ജീവിതത്തിലേക്കുള്ള വഴി കാണിച്ചു തന്ന പുതിയ സുഹൃത്താണ് നൈമിത്രയെന്ന് ദീജ "സുഹൃത്തുക്കളാണ് എന്റെയും നൈമിത്രയുടെയും പ്രധാന പിൻബലം. അച്ചാർ വീട്ടിലൊക്കെ ഉണ്ടാക്കുന്നവരാണെങ്കിലും എന്റെ കയ്യിൽ നിന്നും വാങ്ങിക്കും. എന്നെ സഹായിക്കാനായി. എന്നിട്ട് മറ്റുള്ളവരിലേക്കും എത്തിക്കും. സത്യം പറയാലോ എന്റെ സുഹൃത്തുക്കൾ, അവരാണെന്നെ വളർത്തിയത്."
സോഷ്യൽ മീഡിയ എല്ലാരും കരുതുന്ന പോലെയുള്ള ചതിക്കുഴി മാത്രമല്ല നന്മ നിറഞ്ഞ ഒട്ടേറെ സൗഹൃദങ്ങളെ അവിടെ കണ്ടെത്താമെന്നാണ് ദീജ അവരുടെ ജീവിതം കൊണ്ട് തെളിയിക്കുന്നത്.
"ഞാൻ നന്നായി വായിക്കുമാരുന്നു. ഇപ്പോൾ നൈമിത്ര തുടങ്ങിയതിനു ശേഷം തീരെ സമയം കിട്ടാതെയായി. ബെന്യാമിൻ ആണ് എന്റെ ഇഷ്ട്ടപെട്ട എഴുത്തുകാരൻ. അദ്ദേഹത്തെ ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഞാൻ ആട് ജീവിതം വായിക്കുന്നത്. അത് വല്ലാതെ മനസ്സിൽ തട്ടി. പിന്നെ എനിക്ക് ജോയ്‌സിയെ ഇഷ്ട്ടമാണ്. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ, എന്റെ മനസ്സ് സ്പർശിച്ച പുസ്തകമാണ്. പിന്നെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരെല്ലാം എന്റെ കൂട്ടുകാരാണ്. എന്റെ ജീവിതത്തിലെനിക്കേറ്റവും പ്രചോദനമായത് മാരിയത്താന്റെ പുസ്തകമാണ്. മാരിയത്താ, നജീബ്ക്ക, റയീസ് അങ്ങനെ ഒരു ചങ്ങല പോലെ നീണ്ടു കിടക്കുന്നതാണെന്റെ സുഹൃത്ത് ബന്ധങ്ങൾ. അവരുടെയൊക്കെ എഴുത്തുകൾ എനിക്കിഷ്ടമാണ്. പിന്നെ ഫാത്തിമ അസ്‌ലയുടെ, പാത്തുവിന്റെ എഴുത്ത് ഇഷ്ട്ടമാണ്. അവളുടെ ധൈര്യവും. അവളുടെ ധൈര്യമൊന്നും എനിയ്ക്കില്ലാതെ പോയല്ലോ എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്. ധൈര്യമുള്ളവളായിരിക്കണം ദിജേച്ചി എന്ന് പറയും പാത്തു. ചുറ്റുപാടും, സാഹചര്യങ്ങളുമാണ് പല മനുഷ്യരെയും തന്റേടമുള്ളവരാക്കുന്നത്. എന്റെ അമ്മയ്ക്കൊക്കെ പേടിയാണ്. അയ്യോ അങ്ങനെ ഒന്നും പറയാൻ പാടില്ലെന്ന് പറയും. നമ്മളെ പോലുള്ളവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് വീട്ടുകാരുടെ സപ്പോർട്ട് ഉണ്ടേൽ എവിടെ വേണമെങ്കിലും എത്താം. ഏറ്റവും വലിയ സപ്പോർട്ട് അതാണ്. പിന്നെ നൈമിത്ര വിപൂലീകരിക്കണം. ചെറിയ ഒരു കമ്പനി പോലെ തുടങ്ങണം. എന്റെ നൈമിത്ര കാരണം ഒരു പത്തു പേർക്കെങ്കിലും ജീവിതമാർഗ്ഗമുണ്ടാവണേ എന്ന പ്രാർത്ഥനയെ ഉള്ളു". കൊറോണ കച്ചവടത്തിൽ കുറവ് വരുത്തിയെങ്കിലും തളരാതെ മുന്നോട്ട് പോവുന്ന ദീജയുടെ ഏറ്റവും വലിയ സ്വപ്നം ഒരു വീടാണ്. ശുഭ പ്രതീക്ഷയോടെയവർ മുന്നോട്ടു പോവുന്നു. "ഞങ്ങൾ പോരാളികൾ ആണ് ജീവിതം യുദ്ധക്കളമാക്കിയവർ" ഈയടുത്ത ദിവസം ദീജ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. അവർ ജീവിതത്തോട് പോരാടുകയാണ്. ശുഭ പ്രതീക്ഷയോടെ മുന്നോട്ട് പോവുന്ന ദീജയെ പോലുള്ളവരാണ് നമ്മുടെ കരുത്ത്. നമ്മുടെ പ്രചോദനം.





