ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരീസ് എല്‍. പി സ്‌കൂളില്‍ നടന്നു വരുന്ന സംസ്‌കൃതിയുടെ ഭൂമികയിലൂടെ 9 ചുവടുകള്‍ എന്ന വെബിനാറിന്റെ 3-ാം ദിനമായ ഇന്ന് ചലച്ചിത്രമേഖലയുടെ മാസ്മരിക ലോകം തുറന്നു കാട്ടി ബാലതാരം മാസ്റ്റര്‍ ആരുഷ് 400ഓളം കുരുന്നുകളുടെ മനം കവര്‍ന്നു. ഈ കൊച്ചു പ്രായത്തിനിടയില്‍ പല സൂപ്പര്‍ സ്റ്റാറുകളുടെയും ബാല്യകാലം അവതരിപ്പിച്ചു ജനമനസ്സുകളില്‍ ഇടം നേടിയ ഈ 5 വയസ്സുകാരന്റെ പ്രകടനം സെന്റ് മേരീസിലെ കുരുന്നുകള്‍ക്ക് നവ്യാനുഭവമായി. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷന്‍ ശ്രീ. നിസാര്‍ ഖുര്‍ബാനി ഇന്നത്തെ വെബിനാറില്‍ മുഖ്യാതിഥി ആയിരുന്നു. ഈ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഉണര്‍വും ഉന്മേഷവും പകരാനാണ് ഇത്തരം സാംസ്‌കാരിക പരിപാടികള്‍ സ്‌കൂളില്‍ നടത്തുന്നത് എന്ന് പ്രധാന അധ്യാപിക സിസ്റ്റര്‍ സൗമ്യ അഭിപ്രായപ്പെട്ടു.
ആരിഷിനെക്കുറിച്ച്..
ചലച്ചിത്ര താരം മീനാക്ഷിയുടെ അനുജന്‍ ആരിഷ്, ക്വീന്‍ എന്ന ചിത്രത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പരീക്ഷണമെന്ന നിലയില്‍ ചെയ്തിരുന്നു... പിന്നീട് 'രണം' ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ കുട്ടിക്കാലമവതരിപ്പിച്ച് ശ്രദ്ധനേടി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത
ജയറാം ..ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ (ഗ്രാന്‍ഡ് ഫാദര്‍ ) സെന്റര്‍ ക്യാരക്ടര്‍ (ഈ ചിത്രത്തിലാണ് ഫ്‌ലവേഴ്‌സ് ചാനലിലെ കുട്ടികളുടെ റിയാലിറ്റി ഷോ ടോപ്പ് സിംഗറിലെ ഏറെ ചെറിയ കുട്ടിയായ ശ്രീഹരി സിനിമയ്ക്കു വേണ്ടി ആദ്യമായി പാടിയത് ആരിഷിനു വേണ്ടിയായിരുന്നു)
എമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുട്ടിക്കാലം .ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ' കുഞ്ഞെല്‍ദോ ' എന്ന ചിത്രത്തിന് വേണ്ടി ആസിഫ് അലിയുടെ കുട്ടിക്കാലം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ കൊറോണ കാരണം ഷൂട്ടിംഗ് മുടങ്ങിയ വന്‍ താരനിരയുള്ള 'സൂപ്പര്‍ ഹീറോ' എന്ന ചിത്രത്തില്‍ കൊച്ചുനായകനായും ആരിഷ് എത്തുന്നുണ്ട്.. ഈയിടെ ഇറങ്ങിയ 'ഒറിയോ ആന്‍ഡ് മാരി ഗോള്‍ഡ് ' എന്ന ഹിന്ദി ആല്‍ബത്തില്‍ നായകനായി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. ചിത്രീകരണം നടക്കുന്ന 'കള' എന്ന ടോവിനോ ചിത്രത്തില്‍ ടൊവീനോയുടെ മകനായി മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

