Hot Posts

6/recent/ticker-posts

"ബഷീറിനെ വായിക്കാൻ വേണ്ടിയിട്ടാണ് മലയാളം പഠിച്ചത്": മലയാളിയായി മാറിയ ബംഗാളി ചിത്രകാരി കബിത മുഖോബാദ്ധ്യായ സംസാരിക്കുന്നു.



കലയ്ക്ക് രാഷ്ട്രീയമുണ്ടോ ?
കലാകാരനോ ?

മാനവികതയാണ് കലയുടെ രാഷ്ട്രീയം.  മാറുന്ന വ്യവസ്ഥിതിയോടും, മാറാത്ത സമൂഹത്തോടും, നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്ന ഭരണകൂടത്തോടും കലാകാരന്മാർ തുടർന്നുപോരുന്ന  കലഹങ്ങളാണ് കലകൾ. സമൂഹ നന്മയ്ക്കു വേണ്ടി പ്രതിഷേധിയ്ക്കാൻ അവരെ പ്രതിരോധമുള്ളവരായ്ക്കാൻ ആസ്വാദനത്തിന്റെയും, ഹാസ്യത്തിന്റെയും മേലാപ്പ് അണിഞ്ഞു കൊണ്ട് സമൂഹത്തിൽ ചലനങ്ങൾ സൃഷ്ട്ടിക്കാൻ ഒരു കലയ്ക്കും കലാകാരനും മാത്രമേ കഴിയൂ. സാഹിത്യവും,ചിത്രവും,നൃത്തവും,സംഗീതവും, സിനിമയുമെല്ലാം കലയുടെ വിവിധ ഭാഗങ്ങളാണ്. കേരളം പോലെ തന്നെ ബംഗാളും കലകൾക്ക് പേര് കേട്ട സംസ്ഥാനമാണ്. വൈവിധ്യമാർന്ന നൃത്തങ്ങൾ, ചിത്രങ്ങൾ, ശില്‌പങ്ങൾ തുടങ്ങി വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ബംഗാളിന്റെ കലാപാരമ്പര്യം. ബംഗാൾ കലയുടെ തനത്‌ ശൈലിയാണ്‌ അതിനെ ലോകപ്രശസ്‌തിയിൽ എത്തിച്ചിരിക്കുന്നത്‌. ബംഗാളിലെ ഓരോ പ്രദേശത്തെയും കൈത്തറി ഉത്‌പന്നങ്ങൾക്കും വസ്‌ത്രങ്ങൾക്കും അതിന്റേതായ കഥകളുണ്ട്‌. അതുകൊണ്ട്  കലകൾ അറിയാൻ ആഗ്രഹിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്നത്‌ ശാന്തിനികേതൻ ആണ്‌. സമാധാനത്തിൻറെ വീട് എന്നാണ് ശാന്തിനികേതൻ എന്ന വാക്കിന്റെ അർഥം. ടാഗോറിന്റെ അച്ഛൻ ആണ് ശാന്ത സുന്ദരമായ ആ പ്രദേശത്തിന് ശാന്തിനികേതൻ എന്ന പേരിട്ടത്.

ബംഗാളിൽ ഒരു ഡോക്ടറുടെ മകളായി ജനിച്ചു വളർന്നു. സ്വാഭാവികമായും ആ അച്ഛൻ മകളെ ഡോക്ടർ ആയി കാണാൻ കൊതിച്ചു. പക്ഷെ മകൾ തിരഞ്ഞെടുത്തത് കലയുടെ വഴിയായിരുന്നു. അവളെ ആകർഷിച്ചത് വരകളും വർണങ്ങളുമായിരുന്നു. തന്റെ ഇഷ്ട്ടം ചിത്രരചനയാണെന്നു പറഞ്ഞപ്പോൾ അതിൽ നിന്റെ കഴിവ് തെളിയിക്കൂ എന്നും പറഞ്ഞു ആ അച്ഛൻ മകളുടെ ഇഷ്ടത്തിന് മൗനാനുവാദം നൽകി.
കലയുടെ കേന്ദ്രമായ ശാന്തിനികേതൻ നമുക്ക് ഒരുപാട് കലാകാരന്മാരെ സമ്മാനിച്ചിട്ടുണ്ട്. കബിത മുഖോബാധ്യയെപ്പോലെ. ബംഗാളിൽ നിന്ന് കേരളത്തിലേക്കൊഴുകി വന്ന നദി കോഴിക്കോട് കടലിൽ വന്നു ചേരുന്നു. ഈ തീരവും മനുഷ്യരും അവർക്ക് പ്രിയപ്പെട്ടവരാവുന്നു. ജന്മം കൊണ്ട് ബംഗാളിയും മനസ്സ് കൊണ്ട് മലയാളിയുമായ പ്രശസ്ത ചിത്രകാരി കബിത മുഖോബാദ്ധ്യയ 21 വർഷമായി കോഴിക്കോട് നഗരത്തിൽ മനസ്സ് കൊണ്ട് അലിഞ്ഞു ജീവിക്കുകയാണ്. ഇതാണെന്റെ നാട് , എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യരുള്ള നാട്. അവർ സംസാരിച്ചു തുടങ്ങുന്നു.




ജനനം നൽകിയത് ബംഗാളാണ്. എങ്ങനെയാണ് ആ  നാട് വരയ്ക്ക് ജന്മമേകിയത്?

ചെറിയ കുടിലുകളായിരുന്നു അക്കാലത്തു ബംഗാളിലധികവും . ചാണകം കൊണ്ട് നിലമെഴുകിയ മൺവീടുകൾ. വീടുകൾ മനോഹരമായിരിയ്ക്കാൻ വേണ്ടി സ്ത്രീകൾ ചുമരുകളിലെല്ലാം ചിത്രങ്ങൾ വരച്ചുവെക്കുമായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിലേ ഞാൻ ചെയ്തത് പ്രത്യേകമായ ഒന്നാണെന്ന തോന്നൽ എനിയ്ക്കും ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് കൃഷി ഉണ്ടായിരുന്നു. ഒരേക്കർ ഉള്ള പാടവും, നാല്കാലികളും ഉണ്ടായിരുന്നു. അമ്മ അത് കൊണ്ട് തന്നെ പല കാര്യങ്ങളിൽ തിരക്കിലായിരുന്നു. എനിയ്ക്കൊരുപാട് സമയം കിട്ടിയിരുന്നു. വീട്ടിൽ ഒറ്റയ്ക്കാവുന്ന നേരങ്ങളിലെല്ലാം ഇഷ്ടിക ക്ഷണങ്ങള്കൊണ്ടും, കമ്പുകൾ കൊണ്ടും ഞാൻ പലതും കോറിയിട്ടു. തവിടിലൊക്കെ വിരലുകൊണ്ട് വരയ്ക്കുമായിരുന്നു.അതിനൊന്നനും പ്രത്യേകമായ രൂപങ്ങളുണ്ടായിരുന്നില്ല. അഞ്ചു വയസ്സാണെനിയ്ക്കന്ന് പ്രായം.  
എന്റെ പപ്പാ ഡോക്ടർ ആയിരുന്നു. ഡോക്ടർ എന്ന് പറഞ്ഞാൽ ഇന്ന് സമൂഹത്തിൽ കിട്ടുന്ന സ്റ്റാറ്റസ് ഒന്നും അന്ന് ബംഗാളിൽ ഉണ്ടായിരുന്നില്ല. പപ്പാ കൽക്കത്തയിലെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിലായിരുന്നു വർക് ചെയ്തിരുന്നത്. അവിടെത്തെ ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയാൽ ആ ഗ്രാമത്തിലുള്ള ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യാനും അദ്ദേഹം ജീവിതം മാറ്റിവച്ചിരുന്നു. ഒരുപാട് ജനങ്ങൾ ഉള്ള വില്ലേജിൽ അടുത്തൊന്നും  ഒരു ഹോസ്പിറ്റൽ ഉണ്ടായിരുന്നില്ല. ബംഗാളിൽ വ്യാപകമായി മലേറിയ പടർന്നുപിടിച്ച സമയമുണ്ടായിരുന്നു. ആ സമയങ്ങളിൽ ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന്നും മലേറിയ എന്ന അസുഖത്തെ ഇല്ലാതാക്കിയത് എന്റെ പപ്പയാണ്. സർക്കാരുമായി സംസാരിച്ചു വേണ്ടത് ചെയ്യാൻ പറഞ്ഞതും. ഇന്റർനെറ്റ് പോലുള്ള ഒരുപാട്  വിപ്ലവകരമായ മാറ്റങ്ങൾ പപ്പ നാട്ടിൽ കൊണ്ടുവന്നിരുന്നു. പേടിപ്പെടുത്തുന്ന കുട്ടിക്കാലവും ഓർമ്മയിലുണ്ട്. തീവ്രവാദി നക്സൽ വാദി സമയങ്ങൾ. രാത്രി ഉറക്കത്തിൽ നിന്നും പല ശബ്ദവും കേട്ട് ഞെട്ടി ഉണരേണ്ടി വരുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ അവസ്ഥ. ആരൊക്കെയോ ഓടുന്നത് പോലെ ദൂരെ നിന്നും മാ മാ.. എന്നുള്ള കരച്ചിലുകൾ. രാവിലെ എഴുന്നേൽക്കുമ്പോൾ വീട്ടുമുറ്റത്തു മുറിവേറ്റ മനുഷ്യർ, പകുതി ജീവനുമായി കിടക്കുന്ന കാഴ്ച. കാരണം പപ്പ ആയിരുന്നു ആ പരിസരത്തെ ഏക ഫിസിഷ്യൻ. ഇലെക്ട്രിസിറ്റി ഇല്ലാതിരുന്ന സമയം. അത്കൊണ്ട് പപ്പയുടെ ചെറിയ ജനറേറ്ററിൽ നിന്നാണ് പേഷ്യന്റ്‌സിന് ഓക്സിജൻ കൊടുക്കാനും മറ്റുമായുള്ള മെഡിക്കൽ ഇലക്ടര്സിറ്റി ഫങ്‌ഷൻസ് നടത്തിയിരുന്നത്. വീട് മുറ്റത്തു ചിലപ്പോൾ ആളുകൾ മരിച്ചു പോവും. ഒരു ചെറിയ കുട്ടിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പേടിസ്വപ്നമാണ്. ഇത്തരം അവസ്ഥകളെ മാറി കടക്കാൻ വേണ്ടി ഇരുന്ന് സ്ക്രിബിൾസ് വരയ്ക്കും. പ്രത്യേകിച്ച് അർത്ഥമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല ആ സ്ക്രിബിൾസിന്. പക്ഷെ എന്റെ ഇമോഷൻസിനെ എല്ലാം അത് പുറത്തെടുത്തിട്ടുണ്ടാവും. ഇവിടന്നും തുടങ്ങിയതാണെന്റെ ചിത്രം വര.



മതത്തിൻറെയും ജാതിയുടെയും വംശത്തിൻറെയും പേരിലുള്ള വിവേചനം ബംഗാളികൾക്കിടയിലുണ്ടോ?

ഞാൻ എന്റെ ഒരു അനുഭവം പറയാം ഞാൻ പഠിച്ച സ്കൂളിൽ ഒരു കുട്ടി ജാതി ചോദിച്ചു . നിങ്ങൾ മുസ്ലിം ആണോ എന്നോ മറ്റോ ആ ചോദ്യം എങ്ങനെയോ പ്രിൻസിപ്പളിന്റെ ചെവിയിൽ എത്തി. പ്രിൻസിപ്പൾ മാഡം ക്ലാസ്സ്‌സിൽ വന്ന ശേഷം രണ്ടുപേരിൽ ചോദിച്ച കുട്ടിയെ ബെഞ്ചിന് മുകളിൽ കയറ്റി ചെവി പിടിച്ചു ഇരിയ്ക്കാൻ പറഞ്ഞു. അതാ കുട്ടിയ്ക്ക് കിട്ടിയ പണിഷ്മെന്റ് ആയിരുന്നു. കാരണം വിദ്യാഭ്യാസം ഒരിക്കലും ഡിവിഷൻ പഠിപ്പിക്കുന്നില്ല എന്നതാണ്. ബംഗാളിൽ ജാതീയത അന്നില്ലായിരുന്നു. പണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സമൂഹത്തെ വിഭജിച്ചിരുന്നത്. ഉള്ളവർ ഇല്ലാത്തവർ എന്നിങ്ങനെയുള്ള രണ്ട് തട്ട്. പക്ഷെ നമ്മുടെ നിലവിലുള്ള സാമൂഹിക വ്യവസ്ഥിയിലെ ജാതിയും ജാതി പേരും വാലും എല്ലാം വീണ്ടും തർക്ക വിഷയങ്ങളായി മാറിക്കിക്കൊണ്ടിരിക്കുകയാണ്.
ഞാനൊരു കഥ പറയാം. മസ്ലിൻ എന്ന ഒരു തുണി ഉണ്ടായിരുന്നു ബംഗാളിൽ. ഞാൻ പറഞ്ഞു വരുന്നത് വിഭജനത്തിനു മുമ്പുള്ള ബംഗാളിനെ പറ്റിയാണ്. ഒരുപാട് നെയ്ത്തുകാരുണ്ടായിരുന്നു. പ്രത്യേക കഴിവാർജ്ജിച്ച ആളുകളാണ് മസ്ലിൻ എന്ന  തുണി ഉണ്ടാക്കിയിരുന്നത്. മാസ്റ്റർ കറാഫ്റ്റ് മാൻ എന്നാണ് പറഞ്ഞിരുന്നത്.  അതിനുവേണ്ടി പ്രത്യേകമായ ലാർവ കൃഷി ഉണ്ടായിരുന്നു. കർഷകന്മാരിൽ കുറച്ചു പേർക്കേ മസ്ലിൻ തുണി ഉണ്ടാക്കാനുള്ള സ്കിൽ ഉണ്ടായിരുന്നുള്ളൂ. അവർ ആ തുണി ഉണ്ടാക്കും. മാഞ്ചസ്റ്റർ എന്ന ക്ലോത്തിന്റെ കൂടെ മസ്ലിൻ പൂർണ്ണമാവുകയുള്ളൂ. ആ സമയത്താണ് ബ്രിട്ടീഷ്കാർ മാഞ്ചസ്റ്റർ തുണി മാർക്കറ്റിൽ ഇറക്കാൻ ആലോചന തുടങ്ങിയത്. അവർ ആ സമയത്ത് ഈ മസ്ലിൻ ക്ലോത്ത് ഉണ്ടാക്കുന്ന മാസ്റ്റർ ക്രാഫ്റ്റ് മാൻമാരെ കണ്ടെത്തി ഇനിയവർ മസ്ലിൻ ക്ലോത് ഉണ്ടാക്കാതിരിയ്ക്കാൻ വേണ്ടി.
അവരുടെ തള്ള വിരലുകൾ മുറിച്ചു കളഞ്ഞു. ലാർവ കൃഷിയും  അവർ നശിപ്പിച്ചു.
അങ്ങനെ മസ്ലിൻ തുണിയുടെ ഉത്പാദനം നിന്നു. പക്ഷെ, ബ്രിട്ടീഷുകാരുടെ ക്രൂരതയൊന്നും ചരിത്രത്തിൽ രേഖപ്പെട്ടില്ല. പകരം ഇങ്ങനെയാണ്
ഒരു പുതിയ ബുക്കിൽ അച്ചടിച്ച് വന്നത്." മസ്ലിൻ ക്ളോത് ബംഗാളിലാണ് ഉത്ഭവിച്ചത്. മുസ്ലിം നെയ്ത്തുകാരായിരുന്നു ആ ജോലികളിൽ ഏർപ്പെട്ടിരുന്നത് അത് കൊണ്ട് അതിനു മസ്ലിൻ എന്ന പേര് വന്നു. അഫ്ഗാനിസ്ഥാനിലിൽ നിന്നും പാകിസ്ഥാനിൽ നിന്നും കുടിയേറിപ്പാർത്തവരായിരുന്നു അവർ. അവർ പാകിസ്ഥാനിലേക്ക് തിരിച്ചു പോയപ്പോൾ ബംഗാളിൽ നിന്നുള്ള മസ്ലിൻ തുണിയുടെ ഉത്പാദനവും നിലച്ചു."
പക്ഷെ യഥാർത്ഥത്തിൽ അവർ ബംഗാളികളായിരുന്നു. ബംഗാളി മുസ്ലിം. അവർ പാക്കിസ്ഥാനിൽ നിന്നോ  അഫ്ഗാനിസ്ഥാനിൽ നിന്നോ വന്നവരുമല്ല. അവർ അങ്ങോട്ടേക്ക് പോയിട്ടുമില്ല. ചരിത്രത്തെ അങ്ങനെയൊക്കെയായി വളച്ചൊടിച്ചു. ബ്രിട്ടീഷുകാരുടെ ക്രൂരകഥകൾ മാത്രം ചരിത്ര പുസ്തകത്തിലുണ്ടായിരുന്നില്ല. . ഇങ്ങനെയാണ് നമ്മുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായം ഹിസ്റ്ററിയെ തിരുത്തുന്നത്. ദേ കട്ട് ഷോട്ട് ദി സ്റ്റോറി ഓഫ് ലൈവ്സ്. ഹിസ്റ്ററി അറിയുന്നവരും, സംസാരിച്ചവരും  ഒന്നും ഇപ്പോൾ ഇവിടെയില്ല. ഗൗരി ലങ്കേഷ്, കൽബുർഗി
 straight  ആയിട്ട് പറഞ്ഞാൽ തല പോവും. അതാണല്ലോ കാലം.

കുട്ടിക്കാലത്തേ വരയ്ക്കുമായിരുന്നു എന്നത് കൊണ്ടാണോ ശാന്തിനികേതൻ തന്നെ സ്വപ്നം കണ്ടത്? എങ്ങനെയായിരുന്നു അവിടെ പഠനകാലങ്ങൾ?

ഞാൻ തിരഞ്ഞെടുക്കാൻ പോകുന്ന  പ്രൊഫഷനെക്കുറിച്ചു വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവരും എതിരായിരുന്നു. പപ്പയ്ക്ക് എന്നെ ഒരു ഡോക്ടർ ആയി കാണാനായിരുന്നു ഇഷ്ട്ടം. പപ്പ  പറഞ്ഞത് നിനക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിന്റെ വിദ്യാഭ്യസത്തിനുള്ള പൈസ നിനക്ക് തന്നെ ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കണമെന്നാണ് പപ്പാ പറഞ്ഞത്. അമ്മയും അമ്മയുടെ ഫാമിലിയും ഞാനെന്തോ തെറ്റായ കാര്യം ചെയ്യാൻ പോകുന്ന പോലെയായിരുന്നു മനസ്സിലാക്കിയിരുന്നത്. അങ്ങനെ ശാന്തിനികേതനിൽ ചേരാൻ വേണ്ടിയിട്ടുള്ള പൈസ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ സന്ദേശിൽ  ജോയിൻ ചെയ്യുന്നത്. ഞാൻ പഠിക്കുന്ന സമയത്ത് അതിലേക്ക് വേണ്ടി എഴുതുമായിരുന്നു. അങ്ങനെ ജോലിയുടെ കാര്യം അവരോട് പറഞ്ഞപ്പോൾ എന്നോട് ജോയിൻ ചെയ്യാൻ പറഞ്ഞു. അന്ന് സത്യജിത് റേ അവിടെയുണ്ട്. അദ്ദേഹത്തിൻറെ മുത്തശ്ശന്റെതായിരുന്നു ആ മാഗസിൻ. ലേ ഔട്ടിൽ മണിക്കും, സത്യജിത് റായുമായിരുന്നു എന്റെ ഗുരുക്കന്മാർ.അന്ന് ബ്ലോക്ക് പ്രിന്റിങ് ആയിരുന്നു. ഓഫ്സെറ്റ് പ്രിന്റിങ് അല്ലായിരുന്നു. അവിടെ നിന്നാണ് എനിക്ക് ശാന്തിനികേതനിക്കുറിച്ച് കൂടുതൽ കേൾക്കാൻ തുടങ്ങിയത്. മണിക് ദാർ ശാന്തിനി കേതനിൽ സ്റ്റുണ്ടെന്റ് ആയിരുന്നു. സത്യജിത് റായും കലാഭാവനിൽ സ്റ്റുഡന്റ്. ഇവരൊക്കെ പറയുന്ന കഥകൾ കേട്ടിട്ട് എനിക്കും ശാന്തിനികേതനിൽ പഠിക്കണം എന്ന ആഗ്രഹത്തിലേക്കെത്തിച്ചു. കാരണം ഒരു ആർട്  സ്കൂളിൽ പഠിയ്ക്കാൻ വേണ്ടിയിട്ടാണ് ഞാൻ ജോലിയ്ക്ക് കേറിയത്. അവിടെ നിന്നാണ് ശാന്തിനികേതൻ എന്റെ ലക്ഷ്യമായി തീരുന്നത്. സന്ദേശ് തന്നെയായിരുന്നു എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.
 വലിയ വലിയ ചിത്രകാരന്മാരായിരുന്നു ശാന്തിനികേതനിലെ ഞങ്ങളുടെ ഗുരുക്കന്മാർ. എന്റെ ഏറ്റവും പ്രിയപ്പെട്ട ടീച്ചർ ഒരു മലയാളി ആയിരുന്നു ആർ. ശിവകുമാർ. അദ്ദേഹം ശാന്തിനികേതനിലെ തന്നെ വിദ്യാർത്ഥിയുമായിരുന്നു. ശാന്തിനികേതനുമായി എനിക്ക് 8 കൊല്ലത്തെ ആത്മബന്ധമുണ്ട്. 7 കൊല്ലമാണ് കോഴ്സ് പക്ഷെ നാഷണൽ സ്കോളർഷിപ്പ് കിട്ടിയപ്പോ എനിയ്ക്ക് ശാന്തിനികേതനിൽ ഒരുകൊല്ലം കൂടി കിട്ടി. സൊ, എനിയ്ക്ക് ശാന്തിനികേതൻ എന്റെ വീട് പോലെത്തന്നെയാണ്. പക്ഷെ ഇപ്പോൾ 25 വർഷമായി ഞാൻ അങ്ങോട്ട് പോയിട്ട്. കൽക്കത്ത എന്ന നഗരം ശെരിക്കും എനിയ്ക്ക് മിസ് ചെയ്യുന്നുണ്ട്.



പ്രഭാകരൻ എന്ന ചിത്രകാരനാണ് ഈ ചിത്രകാരിയെ കേരളത്തിന് സമ്മാനിക്കുന്നത്... എങ്ങനെയാണ് പ്രഭാകരനെ പരിചയപ്പെടുന്നതും പിന്നെ കേരളത്തിലെത്തുന്നതും?

ഞാൻ പഠിക്കുന്ന സമയത്ത്. പ്രഭാകരൻ ബറോഡയിൽ പെയിന്റിംഗ് ടീച്ചർ ആയിട്ട് വർക് ചെയ്യുകയായിരുന്നു. ഒരു പ്രോഗ്രാമിന്റെ ഭാഗമായി പ്രഭാകരൻ ശാന്തിനികേതനിലേക്ക് വന്നു. അദ്ദേഹം 1 കൊല്ലം അവിടെ വർക്  ചെയ്തു. ഒരു അസാധ്യ ചിത്രകാരനായിരുന്ന അദ്ദേഹത്തെ എല്ലാർക്കും നല്ല ഇഷ്ട്ടമായിരുന്നു. പ്രഭാകരൻ പിന്നീട് അവിടെ ഒരു സ്റ്റുഡിയോ ഇട്ടു. ഞാനദ്ദേഹം വരയ്ക്കുന്നത് കാണാൻ അവിടെ പോയിരിക്കുമായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞപ്പോ പ്രഭാകരൻ തിരിച്ചു പോയി. ഞാൻ എന്റെ പഠനവും തുടർന്നു. ശാന്തിനികേതനത്തിൽ പാഠഭാവനയിൽ 1  കൊല്ലം ജോലി ചെയ്തു. ശേഷം  മിസോറിയിലെ ഇന്റർനാഷണൽ സ്കൂളിൽ നിന്നും ഒരു ഓഫർ വന്നു. മിസോറിയിലേക്ക് പോയി. അവിടെ ജോലി ചെയ്യുമ്പോഴാണ് വീണ്ടുമൊരു റീസെർച് സ്കോളർഷിപ്പ് കിട്ടുന്നത്. അങ്ങനെ ഞാൻ ജോലിയുപേക്ഷിച്ചു ഒരു ക്ലാസ് അറ്റൻഡ് ചെയ്യാൻ വേണ്ടി   ബറോഡയിലേക്ക് പോയി. അവിടെ യൂണിവേഴ്സിറ്റിയിൽ  ആര്ടിസ്ട്രി ഡിപ്പാർട്മെന്റിൽ ജോയിൻ ചെയ്തു. അവിടെ ഒരു സ്റ്റുഡിയോയിൽ വർക്ക് ചെയ്യുമ്പോഴാണ് വീണ്ടും പ്രഭാകരനെ കാണുന്നത്. Then we started our jorney together .



കൊൽക്കത്തയാണോ കേരളമാണോ ഒരു ആർട്ടിസ്റ്റിനു  വളരാൻ പറ്റിയ മണ്ണ്?

കൊൽക്കത്ത എനിക്കെന്നും പ്രിയപ്പെട്ട നഗരമാണ്.
ഓരോ കാലവും നമ്മുടെ ഇഷ്ടങ്ങളും മാറില്ലേ ..
ഇപ്പോൾ കേരളം  എനിയ്ക്ക് പ്രിയപ്പെട്ടതാണ്. കാരണം എനിയ്ക്ക് ഷെൽട്ടർ,ഫുഡ് എല്ലാം തരുന്നത് കേരളമാണ്. എനിക്കിവിടെ ഒരുപാട് സുഹൃത്തുക്കളുണ്ട്.




കഥയ്ക്ക് വേണ്ടിയുള്ള ഒരു ചിത്രം വരയ്ക്കുമ്പോൾ എങ്ങനെയാണ് അതിലേക്ക് എത്തിപ്പെടുന്നത്?

ആ കഥ വായിയ്ക്കുമ്പോൾ ആ കഥയിൽ എനിക്കെന്നെ കാണാൻ കഴിയണം ദുഃഖമോ സന്തോഷമോ ആ കഥയിൽ പ്രതിപാദിക്കുന്നത് ആ ദുഃഖം എന്റേത് കൂടിയാവണം എഴുത്തുകാരൻ എഴുതുമ്പോൾ കഥ എഴുത്തുകാരന്റേത് ആവുന്നപോലെ ഒരു ചിത്രകാരൻ ആ കഥയെ ചിത്രീകരിയ്ക്കുമ്പോൾ അത് അവരുടെ സ്വന്തം കഥയാണ് എന്ന സ്വയം തോന്നലിൽ നിന്നാണ് കഥയ്ക്കനുയോജ്യമായ ചിത്രം ചിത്രകാരന്റെ ഭാവനയിൽ വിരിയുന്നത്.

പ്രായം കൂടുന്തോറും ഒരു കലാകാരന് അവന്റെ കല പ്രകടിപ്പിക്കാനുള്ള ഊർജ്ജം കുറയുമോ?അങ്ങനെ വിശ്വസിക്കുന്നുണ്ടോ?

ഏയ്.. അങ്ങനെയില്ല. കലാകാരനെ സംബന്ധിച്ചു ഫിസിക്കൽ സ്‌ട്രെയിൻ നന്നായി വേണ്ടി വരും. പക്ഷെ നമുക്ക് ഫോർമാറ്റ് മാറ്റാലോ നമ്മുടെ അപ്പോഴത്തെ എനർജി വെച്ച് അല്ലെങ്കിൽ നമ്മുടേതായൊരു എനർജി ഉണ്ടാക്കിയെടുത്ത് മീഡിയം മാറ്റി നമുക്ക് തുടരാലോ. ഒരുപാട് വഴികളില്ലേ ..
art should move on .  

കലയ്ക്കും കലാകാരനും, പല കാര്യങ്ങൾക്കും നിയന്ത്രങ്ങൾ ഏർപ്പെടുത്തി കൊണ്ടിരിക്കുന്ന സമയമാണ്. എപ്പോഴെങ്കിലും വരയ്ക്കുന്ന ചിത്രത്തിന് സ്വയം ലിമിറ്റേഷൻ വെയ്ക്കാൻ ശ്രമിക്കാറുണ്ടോ ?

ലിമിറ്റേഷൻ വെക്കാതിരുന്നാൽ ചിലപ്പോൾ നമ്മൾ വരച്ച സാധനം പ്രിന്റ് ആയിട്ട് വരില്ല. ഇറ്റ് വിൽ ബി ഡെലീറ്റഡ്.  കലാകാരന്റെ ജീവിതമേ അപകടം പിടിച്ചതാണ്. ഇപ്പോൾ കഥയിൽ നഗ്നത പരാമർശിക്കുന്നെണ്ടെങ്കിലും  അത് വരച്ചാൽ അതെ പോലെ സ്വീകാര്യത കിട്ടിക്കൊള്ളണമെന്നില്ല. ഒന്നെങ്കിൽ എന്റെ എഡിറ്റർ ആ ചിത്രം ക്രോപ് ചെയ്യും അല്ലെങ്കിൽ എന്നോട് ചോദിയ്ക്കാതെ ആ ചിത്രം തന്നെ ഒഴിവാക്കി കളയും. പൊളിറ്റിക്കൽ എഡിറ്റിംഗ്, കൾച്ചറൽ എഡിറ്റിംഗ്, ഹിസ്റ്റോറിക്കൽ എഡിറ്റിംഗ് എല്ലാ സ്ഥലത്തുമുണ്ട്. അതിന്റെ ഉള്ളിലാണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് അത് അവഗണിയ്ക്കാൻ കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ. ഒരുപാട് ചിത്രങ്ങൾ അങ്ങനെ തള്ളപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് വരച്ച ഒരുപാട് ചിത്രങ്ങൾ ഇപ്പോൾ പുറം ലോകം കാണാതെ വീട്ടിൽ കിടപ്പുണ്ട്. കാരണം, mainstream ന്റെ ഇഷ്ട്ടം,അനിഷ്ടം അനുസരിച്ചാണ് ഇവിടെയെല്ലാം നടക്കുന്നത്. ശരിക്കും ഒരു ആർട്ടിസ്റ്റ്  എന്ന് പറഞ്ഞാൽ ആരാ ?
those who see with brains . ഒറിജിനൽ തിങ്കേഴ്‌സ് ഈസ് ഇൻ ഡേഞ്ചർ പക്ഷെ പേടിച്ചാൽ പോയി. വേറെ വഴി നോക്കണം. എഡിറ്റ് ചെയ്ത് നീക്കാൻ പറ്റാത്തതിരിയ്ക്കാൻ നമ്മൾ തന്നെ വേറെ ഭാഷ ഉണ്ടാക്കണം. കലാകാരന് അവന്റെ കല തുടരാൻ അതാണ് ഏക വഴി.

ഒരുപാട് നാടുകളിലൂടെ സഞ്ചരിച്ചിട്ടുള്ള ആൾ എന്ന നിലയിൽ ഏറ്റവും സ്ട്രോങ്ങ് ആയ സ്ത്രീകളെ കണ്ടത് ഏത് നാട്ടിലാണ് ?മെന്റലി സ്ട്രോങ്ങ് ആയ എന്നാണ് ഉദ്ദേശിച്ചത് ?

എനിക്ക് തോന്നുന്നത് മുക്കുവന്മാരില്ലേ. കടലമ്മയുടെ മക്കൾ,  അവർക്കിടയിലുള്ള സ്ത്രീകൾ. അത് ഏത് നാട്ടിലുള്ളവരായാലും. മദ്രാസിലും ചെന്നൈയിലും ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. അങ്ങനെ എനിയ്ക്ക് ഒരു രണ്ടു വർഷം മുക്കുവന്മാരുടെ വില്ലേജിൽ താമസിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പെണ്ണുങ്ങളെയാണ് എനിയ്ക്ക് ഏറ്റവും സ്ട്രോങ്ങ് ആയിട്ട് തോന്നിയിട്ടുള്ളത്. കയറണം അവർ ജീവിതം കൊടുത്ത സ്വാതന്ത്ര്യം ആർക്കു മുന്നിലും അടിയറ വെയ്ക്കാൻ ഇവർ തയ്യാറല്ല. മീൻ മുറിയ്ക്കാൻ കത്തി മതിയല്ലോ..! പിന്നെ ആ മീൻ മണം അത് ഒരു വലിയ പ്രതിരോധമാണല്ലോ...

മലയാളം പുസ്തകം വായിക്കാറുണ്ടോ ?

പിന്നെ. ഒരുപാട് എന്നല്ല പക്ഷെ എനിയ്ക്ക് ഇഷ്ട്ടപ്പെട്ട എഴുത്തുകാരുടെ ബുക്കുകൾ ഞാൻ തേടിപ്പിടിച്ച് വായിക്കാറുണ്ട്.

അപ്പോൾ ഏറ്റവും ഇഷ്ട്ടപ്പെട്ട എഴുത്തുകാരൻമാർ ?

വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിയ്ക്കാൻ വേണ്ടിയിട്ടാണ് ഞാൻ മലയാളം പഠിച്ചത് തന്നെ. പക്ഷെ അദ്ദേഹത്തിനെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫാബി ബഷീർ എന്റെ നല്ലൊരു സുഹൃത്താണ്. മലയാളത്തിലെ ഇഷ്ട്ടമുള്ള എഴുത്തുകാരുടെ പേര് പറയാൻ ശകലം ബുദ്ധിമുട്ടാണ്. ഒരുപാട് പേരുണ്ട്. ചിലരെ വിട്ടു പോയാലോ ചിലർ പിണങ്ങില്ലേ ( ചിരിയ്ക്കുന്നു).

കേരളത്തെക്കുറിച്ച് ? കോഴിക്കോടിനെക്കുറിച്ച്?


കേരളം എന്റെ കുടുംബമാണ്. നിങ്ങൾ എന്നെ വിളിച്ചപ്പോൾ  എന്റെ കുടുംബത്തിൽ നിന്നൊരാൾ വിളിച്ച പോലെയാ തോന്നിയത്.  ഇതിൽ ഈ രക്തബന്ധത്തിന്റെ ആവശ്യമില്ല. എന്റെ സഹോദരിയുമായി ഇപ്പോൾ കുറെയായി ഒന്ന് കമ്മ്യുണിക്കേറ്റ് ചെയ്തിട്ട്. അവർ ബംഗാളിൽ തന്നെ  ബ്രാഹ്മണിക്കൽ മൂല്യങ്ങളെല്ലാം പിന്തുടർന്ന് ജീവിക്കുന്നു. എത്ര ശ്രമിച്ചിട്ടും എനിയ്ക്ക് വീണ്ടും അവരിലേക്ക് തിരിച്ചു പോവാൻ കഴിഞ്ഞിട്ടില്ല. പക്ഷെ കോഴിക്കോട് എനിയ്ക്ക് കുടുംബം എന്നൊരു ഫീൽ തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാനിവിടെ സെറ്റിൽ ആയത്. ഞാനിന്ന് ഈ നാടിന്റെ ഭാഗമാണ്. എനിക്ക് കൂടുതൽ സുഹൃത്തുക്കളുള്ളതും ഇവിടെയാണ്. എന്റെ വേരുകൾ ഈ നാട്ടിലിറങ്ങിപ്പോയിരിക്കുന്നു. ബംഗാളിനെ എനിയ്ക്ക് മിസ് ചെയ്യുന്നുണ്ട് പക്ഷെ അവിടേയ്ക്ക് പോയാൽ എനിയ്ക്ക് കേരളത്തെ മിസ്  ചെയ്യും എന്നതാണിന്ന് എന്നെ സംബന്ധിക്കുന്ന യാഥാർഥ്യം.

കുടുംബം?

പ്രഭാകരൻ മികച്ച ഫിലോസഫറും, ആർട്ടിസ്റ്റും കൂടിയായിരുന്നു. ഒരുപാട് വിദ്യാർത്ഥികളെ സ്വാധീനിച്ച ഗ്രേറ്റ് പെയ്ന്റർ ആയിരുന്നു അദ്ദേഹം.   ആദ്ദേഹത്തിന്റെ  നഷ്ട്ടം എനിയ്ക്ക് മാത്രമല്ല ഇന്ത്യക്കും കേരളത്തിനും ഒരുപോലെ തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ ഇപ്പോഴും വീട്ടിലിരിപ്പുണ്ട്.
മൂത്ത മകൾ  കൃഷ്ണ ഇനി ആര്ട്ട് സ്കൂളിൽ ചേരാനുള്ള പ്ലാൻ ആണ്. രണ്ടാമത്തെ മകൾ നിത്യ ഇപ്പോൾ പത്താംക്ലാസിൽ സിൽവെർഹിൽസ് സ്കൂളിൽ പഠിക്കുന്നു.
Reactions