തിരുവനന്തപുരം: ഡാൻസ് ചെയ്യാനോ ഫൈറ്റ് ചെയ്യാനോ നന്നായി വശമില്ലാത്ത അഭിനേതാവിനെക്കൊണ്ട് ഇവയൊക്കെ അനായാസം ചെയ്യിക്കുന്ന സാങ്കേതിക വിദ്യ ലോക സിനിമയിലുണ്ട്. എന്നാൽ ഇത് ഇനി ഇന്ത്യൻ സിനിമയിലേക്ക് കൂടി പകർത്തുകയാണ് മൂന്ന് മലയാളികൾ. ബിനോയ് സദാശിവൻ, സിനു സിദ്ധാർത്ഥൻ, രാജു രത്നം എന്നിവരാണ് ആദ്യമായി ഈ ഹൈപ്പർ റിയലിസ്റ്റിക് സാങ്കേതിക വിദ്യയെ മറ്റു അന്താരാഷ്ട്ര സാങ്കേതിക വിദഗ്ദരുടെ സഹായമില്ലാതെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്.
സഞ്ചരിക്കുന്ന ഫോട്ടോഗ്രാമെട്രി എന്ന സംവിധാനമാണ് ഈ ചലനങ്ങളെ സാധ്യമാക്കുന്നത്. ഈ ഹൈപ്പർ റിയലിസ്റ്റിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹോളിവുഡ് ചിത്രങ്ങളായ അവതാർ, ഹക്ക് തുടങ്ങിയവ നിർമിച്ചിരിക്കുന്നത്. രജിനീകാന്ത് അഭിനയിച്ച യന്തിരൻ എന്ന സിനിമയിൽ വിദേശ സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ ചില ദൃശ്യങ്ങൾ ഈ രീതിയിൽ ചിത്രീകരിച്ചിരുന്നു.
അഭിനേതാവിന്റെ ചലനങ്ങളും ഭാവങ്ങളും ഫോട്ടോഗ്രാഫുകളിൽ പകർത്ത 3D ആക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണിത്. രണ്ടു പേരുടെ ചലനങ്ങൾ മോഷൻ കാപ്ച്ചറിന് വിധേയമാക്കിയാണ് ഇത് സാധ്യമാക്കുന്നത്. പിന്നീട് ഇവ സംയോജിപ്പിച്ച് വെള്ളിത്തിരയിലെത്തും. ഉദാഹരണത്തിന് ആക്ഷൻ വശമില്ലാത്ത ഒരു നടനെ ഹൃത്വിക് റോഷന്റേത് പോലെ ഫൈറ്റ് ചെയ്യിക്കണമെന്ന് കരുതുക. ഇയാളുടെയും ഹൃത്വിക് റോഷന്റെയും
ചലനങ്ങൾ മോഷൻ കാപ്ച്ചറിന് വിധേയമാക്കും. പിന്നീട് ഹൃത്വിക് റോഷന്റെ കാലിലും കയ്യിലുമെല്ലാം സെൻസറുകൾ പിടിപ്പിച്ച് ഫൈറ്റ് ചെയ്യിക്കും. അപ്പോൾ ആക്ഷൻ അറിയാത്ത നടൻ ഹൃത്വിക് റോഷന്റെ മുഖം മാത്രം മാറ്റി, അതു പോലെ ഫൈറ്റ് ചെയ്യുന്നത് കാണാം. ഇതേ രീതിയിൽ ഏത് അഭിനേതാവിന്റെയും മോഷൻ കാപ്ച്ചർ ചെയ്തു വച്ചാലും 100 വർഷങ്ങൾക്കപ്പുറവും അതേ രൂപത്തിലും ഭാവത്തിലും മറ്റൊരു അഭിനേതാവിന് വെള്ളിത്തിരയിലെത്താം.
