ഇതാണ് മജിസിയ ബാനു. കേരളത്തിൻറെ ഉരുക്കുവനിതയെന്നും സ്ട്രോംഗ് വിമൺ എന്നും, ഹിജാബി പവർ ലിഫ്റ്റർ എന്നുമൊക്കെയുള്ള പേര് ചാർത്തിക്കിട്ടിയ നമ്മുടെ കേരളത്തിൻറെ സ്വന്തം പുലിക്കുട്ടി. ആം റസ്‍ലിംഗ് രംഗത്തും, പവർ ലിഫ്റ്റിംഗ് രംഗത്തും തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചവൾ. രാജ്യത്തിന് വേണ്ടി ഒട്ടേറെ പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട് ഈ കോഴിക്കോട്ടുകാരി.
"സ്വന്തം ശരീരഭാഗം പ്രദർശിപ്പിക്കുന്നതും മറച്ചു വെക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്.
ഒരു വ്യക്തി, പ്രത്യേകിച്ചും ഒരു സ്ത്രീ തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള പ്രശനങ്ങളും പ്രയാസങ്ങളും നേരിട്ട സന്ദർഭങ്ങളിലൊന്നും എവിടെയും കാണാത്ത കരുതലും സ്നേഹവും ഉപദേശവുമായി പൊട്ടി മുളച്ചു വരുന്ന സദാചാര ആങ്ങളമാരോടു പുച്ഛവും സഹതാപവും മാത്രം.
നിങ്ങളുടേത് കരുതലല്ല, ചികിത്സയില്ലാത്ത ഒരു വൃത്തിക്കെട്ട രോഗമാണ്." മജിസിയ ഈ അടുത്തിടെയായി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
'അനക്ക് തട്ടമിട്ടൂടെ പെണ്ണേ' എന്നും 'അനക്ക് സ്വർഗ്ഗത്തിൽ പോകണ്ടേ പെണ്ണേ' എന്നും പറഞ്ഞു കൊണ്ട് സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റും കയ്യിൽ പിടിച്ചിരിക്കുന്ന സോ കോൾഡ് സോഷ്യൽ മീഡിയ ആങ്ങളമാർ ഒരു വശത്ത്. കൂടാതെ ഹിജാബണിഞ്ഞ് ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ പവർലിഫ്ടറായ മജ്സിയയോട് "തനിക്ക് ഹിജാബഴിച്ചു വെച്ച് നടന്നൂടെയെന്ന്" പറയുന്ന സോ കോൾഡ് യുക്തിവാദി സംഘപരിവാർ കൂട്ടങ്ങൾ മറു വശത്ത്. ഒരു കൂട്ടർക്ക് മതത്തിനുള്ളിലെ സ്ത്രീ വളരുന്നതിലുള്ള അസൂയ ആണെങ്കിൽ, മറു കൂട്ടർക്ക് ലോകത്ത് തന്നെ ഇസ്‌ലാം ഐഡിയോളജി ഫോളോ ചെയ്ത് കൊണ്ടുള്ള ഹിജാബ് ധരിച്ച ഒരു പെൺകുട്ടി അവളുടെ മേഖലയിൽ കഴിവ് തെളിയിച്ചു തല ഉയർത്തി നിൽക്കുന്നത്
കാണുമ്പോഴുള്ള അമർഷമാണ്. മജിസിയയുടെ ഈ പ്രശ്നത്തിന് പിന്നാലെയാണ് അനശ്വരയുടെ ഫോട്ടോ കണ്ട് ഹാലിളകി ഒരു കൂട്ടം ആങ്ങളമാർ അവളുടെ വസ്ത്ര ധാരണ രീതിയെക്കുറിച്ച് ഉപദേശിയ്ക്കാനും, തെറി വിളിക്കാനും വന്നത്. അനശ്വരയുടെ കാൽ കണ്ടതായിരുന്നു ഇക്കൂട്ടരുടെ പ്രശ്നം. മജിസിയ പറഞ്ഞത് പോലെ ഇത് "ഇവരുടെ കരുതലല്ല, മറിച്ചു ചികിത്സയില്ലാത്ത ഒരു വൃത്തി കേട്ട രോഗമാണ്". ചുരുക്കി പറഞ്ഞാ കുരു പൊട്ടൽ ആണെന്നെ ഇവറ്റകളുടെ മെയിൻ. ഒരാൾ എന്ത് ധരിക്കുന്നു ഉള്ളത് അയാളുടെ ഇഷ്ട്ടമാണ്. പൊട്ടാനുള്ള കുരുക്കളൊക്കെ ഇങ്ങനെ പൊട്ടി തീരട്ടെ.
മജിസിയ ബാനു എന്ന പവർ ലിഫ്റ്ററുടെ യാത്ര
കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് ഓർക്കേട്ടിരി എന്ന നാട്ടുപ്രദേശത്ത് ഒരു സാധാരണ മുസ്‍ലിം കുടുംബത്തിലാണ് മജിസിയ ബാനു ജനിച്ചത്. കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദിൻറെയും റസിയയുടെയും മൂത്തമകൾ. അനുജൻ നിസാമുദ്ദീൻ ഡാൻസ് കൊറിയോഗ്രാഫറും, ബിസിനസ്സ്മാനുമാണ് . കുട്ടിക്കാലം തൊട്ടേ മജിസിയയ്ക്ക് കായിക ഇനങ്ങളോടായിരുന്നു താത്പര്യം. മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവളുടെ സ്വപ്‍നങ്ങൾക്കുള്ള ചിറകുകൾ തുന്നിക്കൊടുത്തു. ''ചെറുപ്പം മുതലേ എനിയ്ക്ക് തോന്നിയിരുന്നു, ഞാൻ സാധാരണ പെൺകുട്ടികളെപോലെയല്ലെന്ന്, വ്യത്യസ്തയാണെന്ന്.. ജെനറ്റിക്കലി സ്ട്രോംഗ് ആണെന്ന്. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേതും... കളിച്ചിരുന്നത് മുഴുവൻ കുടുംബത്തിലെ ആൺകുട്ടികളുടെ കൂടെയായിരുന്നു. വലുതായി തുടങ്ങിയപ്പോൾ വിലയ്ക്കായി... കാഴ്ചക്കാരി മാത്രമായി.. എന്നിട്ടും കായികമായ കളികളിൽ നിന്നും മാറി നിൽക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല.. ചെറുപ്പത്തിൽ മരംകയറ്റമായിരുന്നു വീക്ക്‍നെസ്സ്.. തെങ്ങുവരെ ഞാൻ ഒറ്റയ്ക്ക് കയറിയിട്ടുണ്ട്..'' -ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു തുടങ്ങി.
''കോളേജിൽ രണ്ടാംവർഷം ബിഡിഎസിന് പഠിക്കുമ്പോഴാണ് ബോക്സിംഗ് പഠിക്കാനുള്ള ആഗ്രഹം കലശലായത്. അന്ന് സിറ്റികളിൽ ഉള്ള പോലത്തെ ഗെയിംസ് ഒന്നും ഞങ്ങടെ നാട്ടുപ്രദേശത്തില്ലാരുന്നു. അങ്ങനെ ഒരു അവധിക്കാലത്താണ് ഉമ്മയോട് ബോക്‍സിംഗ് പഠിക്കാനുള്ള താത്‍പര്യത്തെക്കുറിച്ച് പറയുന്നത്. എല്ലാരും അവധിക്കാലത്ത് സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസിനും മറ്റും ചേർന്നപ്പോൾ ഞാൻ തെരഞ്ഞെടുത്തത് ബോക്സിംഗായിരുന്നു. ഉമ്മ എല്ലാവിധ പിന്തുണയും നൽകി. അങ്ങനെയാണ് കോഴിക്കോടുള്ള പൂളാടിക്കുന്നിലെത്തിയത്. അവിടെയായിരുന്നു ആദ്യകാല പരിശീലനം. ഒരുപക്ഷേ അത് തന്നെയായിരുന്നു എൻറെ ജീവിതത്തിലെ പ്രധാന വഴിത്തിരിവും.
നമ്മുടെ ഉള്ളിലെ യഥാർത്ഥ നമ്മളെ കണ്ടെത്തി തരുന്ന ഒരാളുണ്ടാവുമല്ലോ എല്ലാവരുടെയും ജീവിതത്തിൽ, എനിക്ക് അത് എൻറെ ബോക്‍സിംഗിൻറെ സാർ ആയിരുന്നു, രമേശ് കുമാർ. സാർ ആണ് പറയുന്നത് എനിയ്ക്ക് ബോക്‍സിംഗിനേക്കാൾ നല്ലത് പവർലിഫ്റ്റിംഗ് ആണെന്ന്.. അങ്ങനെ സാർ തന്നെയാണ് കയ്യോടെ കൊണ്ടുപോയി ജയ ജിമ്മിൽ ചേർക്കുന്നത്. അവിടെ നിന്നും ജയദാസ് മാഷിൻറെ ശിക്ഷണത്തിൽ പരിശീലനം. അവിടെ നിന്നും തുടങ്ങിയതാണ് മജിസിയ എന്ന പവർലിഫ്റ്ററുടെ യാത്ര...''
ജിമ്മിലൊരു പെൺകുട്ടി
''സാധാരണയായി ബോഡി ബിൽഡിംഗിനായി ജിമ്മിൽ പോവുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്.. അങ്ങനെയുള്ള സമയത്താണ് വടകരയുള്ള ജിമ്മിലേക്ക് ഞാൻ ചെല്ലുന്നത്. പിന്നെ പറയണ്ടല്ലേ, ജിമ്മിൽ ഒരു പെൺകുട്ടിയെ കാണുമ്പോൾ ആളുകൾക്കുണ്ടാവുന്ന ഒരു കൌതുകം. പ്രത്യേകിച്ചും ഹിജാബ് ധരിച്ച പെൺകുട്ടി. അപ്പോൾ പിന്നെ അവരുടെ കൌതുകം അവസാനിക്കുകയില്ല. ആദ്യമൊക്കെ ജിമ്മിൽ പോയി വർക്കൌട്ട് ചെയ്യുമ്പോൾ എല്ലാവരും എന്നെയാണ് ശ്രദ്ധിക്കുന്നതെന്നറിയുമ്പോൾ പെൺകുട്ടിയെന്ന രീതിയിൽ ചെറിയ ചമ്മലൊക്കെയുണ്ടായിരുന്നു. പിന്നെ പതിയെ പതിയെ ആ ചമ്മലൊക്കെ കുറഞ്ഞുവന്നു. ആളുകൾ ഞാൻ പവർലിഫ്റ്റിംഗ് ചെയ്യുന്നത് നോക്കിനിൽക്കുകയും വീഡിയോസ് എടുക്കുകയും ചെയ്യുമ്പോൾ അതെൻറെ ആത്മവിശ്വാസത്തിൻറെ ആക്കം കൂട്ടി. പണ്ടായിരുന്നെങ്കിലോ അതെന്നിൽ ഉത്‍കണ്ഠ ഉണ്ടാക്കിയിരുന്നു. ജയ ജിമ്മിലെ ജയദാസ് സാർ ആവട്ടെ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നു...''
കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൻറെ ഭാഗമായി നടന്ന വിമൻസ് ഫിറ്റ്നസ് മോഡൽ ഫിസിക്കിൽ സ്ട്രോംഗ് വുമൺ ഓഫ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട മജിസിയ ഒരു ചരിത്രം തന്നെ സൃഷ്ടിക്കുകയായിരുന്നു. ശരീരത്തിൻറെ ശക്തിയും സൗന്ദര്യവും വ്യക്തമാക്കുന്ന തരത്തിലുള്ള വേഷങ്ങൾ അണിഞ്ഞെത്തിയ മത്സരാർത്ഥികൾക്കിടയിൽ ഹിജാബും ഫുൾസ്ലീവ് സ്പോർട്സ് ഫിറ്റുമണിഞ്ഞ് വേദിയിലെത്തിയ മജിസിയ വേറിട്ടുനിന്നു. അവൾ ആത്മവിശ്വാസത്തോടെ റാമ്പിൽ ചുവടുകൾ വെച്ചു. കാണികൾക്കിത് ശരീരസൗന്ദര്യ മത്സരവേദികളിലൊന്നും ഇന്നേവരെ കാണാത്ത കാഴ്ചയായിരുന്നു. ഒടുവിൽ മത്സരഫലം പുറത്തുവന്നപ്പോൾ ഒന്നാംസ്ഥാനത്ത് ഈ മിടുക്കിയായിരുന്നു. ശരീര സൗന്ദര്യസങ്കൽപ്പങ്ങളെ തന്നെ പൊളിച്ചെഴുതുകയായിരുന്നു ഈ 25കാരി. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കഴിവു തെളിയിച്ചിട്ടുള്ള മജിസിയയെ തേടി അനേകം പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്.
2018 ൽ നടന്ന പവർ ലിഫ്റ്റിംഗ് വേൾഡ് കപ്പിൽ ബെസ്റ്റ് ലിഫ്റ്റർ അവാർഡ്, തുർക്കിയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ ആം റസ്‍ലിംഗിൽ ആറാം റാങ്ക്, റഷ്യയിൽ വെച്ച് നടന്ന പവർ ലിഫ്റ്റിംഗ് വേൾഡ് കപ്പിൽ ഗോൾഡ് മെഡൽ, 2018 ബെസ്റ്റ് ലിഫ്റ്റർ അവാർഡ്, 2017 ൽ കണ്ണൂരിലും ചേർത്തലയിലും സ്ട്രോംഗ് വുമൺ ഓഫ് കേരളം എന്ന് നാമകരണം ചെയ്യപ്പെട്ടു- അങ്ങനെ ഒട്ടനേകം പുരസ്കാരങ്ങൾ.. വീടകം നിറയെ അവൾ നേടിയെടുത്ത പുരസ്കാരങ്ങളാണ്..
മജിസിയ എന്ന പേര്
ജീവിതം കൊണ്ട് വേറിട്ട് നിൽക്കുന്നതുപോലെ തന്നെ പേര് കൊണ്ടും വ്യത്യസ്തയാണ് മജിസിയ. ആ പേരിൻറെ അർത്ഥമറിയാൻ കൗതുകം പൂണ്ടപ്പോൾ ലളിതമായൊരു മറുപടിയാണ് അവൾ പറഞ്ഞത്, മജീദിൽ നിന്നും റസിയയിൽ നിന്നുമുണ്ടായ പേരാണ് മജിസിയ എന്ന്.. ''ഉമ്മയാണ് പേര് കണ്ടെത്തിയത്...'' ഒന്നോർത്ത് നോക്കൂ ആ മാതാപിതാക്കൾ അവർ നൽകിയ ഊർജമാണ് അവളുടെ കരുത്ത്. പെൺകുട്ടിയാണെന്ന് കരുതി അവളുടെ സ്വപ്നങ്ങൾക്ക് അവർ മങ്ങലേൽപ്പിച്ചില്ല. കളിയാക്കുന്നവർക്ക് മുന്നിലും കുറ്റപ്പെടുത്തിയവർക്കുമുന്നിലും അവർ പതറാതെ പിടിച്ചു നിന്നു. കാരണം അവർക്കറിയാമായിരുന്നു അവളുടെ മകൾ ഒരുനാൾ ചരിത്രം തന്നെ സൃഷ്ടിച്ചേക്കുമെന്ന്. ഒരിക്കൽ അവളെ നിസാരയാക്കി കണ്ടവരെല്ലാം അവൾക്ക് വേണ്ടി കയ്യടിക്കുന്ന നിമിഷം വരുമെന്ന്.. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് മജിസിയ എന്ന പവർ ലിഫ്റ്ററുടെ കൈമുതൽ.. ഉറച്ചതീരുമാനവും എന്തും നേരിടാനുള്ള ധൈര്യവുമുണ്ടെങ്കിൽ ആർക്കും നമ്മളെ തളർത്താൻ കഴിയില്ലെന്ന് മജിസിയ പറയുന്നു,
മാഹി കോളേജിൽ ബിഡിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ് മജിസിയ ഇപ്പോൾ. പക്ഷേ, ഡോക്ടർ എന്നതിലുപരി ഒരു പവർലിഫ്റ്റർ എന്നറിയപ്പെടാനാണ് മജിസിയക്കിഷ്ടം. അത്‍ലറ്റ് എന്നും, രാജ്യത്തെ പ്രതിനിധീകരിക്കുന്നു ,എന്നുമൊക്കെ പറയുന്നതാണ് അവർക്ക് കൂടുതൽ അഭിമാനം. എന്ന് കരുതി ബിഡിഎസ് പഠനം ഉപേക്ഷിക്കുന്നില്ല മജിസിയ. തുടർ പഠനത്തെ കുറിച്ച് ചിന്തിക്കുന്നുമുണ്ട്. അതിൻറെ കൂടെ തന്നെ ഫിറ്റ്നസ് മേഖലകളിൽ ഇനിയും മത്സരങ്ങളിൽ പങ്കെടുക്കണം. വെയിറ്റ് ലിഫ്റ്റിംഗിൽ ചെറുതായിട്ട് ട്രെയിനിംഗ് തുടങ്ങിയിട്ടുണ്ട്. വെയിറ്റ് ലിഫ്റ്റിംഗിൽ പങ്കെടുത്തിട്ട് കേരളത്തിലേക്ക് ഒരു ഒളിമ്പിക് മെഡൽ കൊണ്ടുവരണമെന്ന അതിയായ ആഗ്രഹത്തിലാണവൾ.
കായികവിശേഷങ്ങൾ തത്‍കാലം മാറ്റിവെച്ച് മജിസിയയെകുറിച്ച് ചോദിക്കുമ്പോൾ, അവൾ ഓർക്കാട്ടിരിയിലെ തനി നാട്ടിൻപുറത്തുകാരിയാവും. മജിസിയയുടെ ഉമ്മയ്ക്ക് 45 ഓളം ആടുകളുണ്ട്. അവയുമായി സമയം ചെലവഴിക്കുന്നതും അവയ്ക്ക് പിണ്ണാക്ക് കൊടുക്കുന്നതും ആസ്വദിച്ചു ചെയ്യുന്ന തനി നാട്ടിൻപുറത്തുകാരി പെണ്ണ്.
പാട്ടാണ് മജിസിയയുടെ മറ്റൊരു വീക്ക്‍നെസ്. വർക്ക്ഔട്ട് ചെയ്യുന്നത് പോലും ചെവിയിൽ ഹെഡ്‍ഫോൺ വെച്ചിട്ടാണ്. മെലഡിയാണ് പ്രിയം. പാട്ടു വെറുതെ കേൾക്കുക മാത്രമല്ല, നല്ലൊരു പാട്ടുകാരി കൂടിയാണ് നമ്മുടെ ഈ സ്ട്രോംഗ് വുമൺ... ഈ അയൺ ലേഡി നല്ലൊരു സ്വരമാധുരിക്ക് ഉടമയാണെന്ന രഹസ്യം അധികമാർക്കും അറിയാനിടയില്ല. മാത്രമല്ല, ചെറിയ ചെറിയ ചാരിറ്റി പ്രവർത്തനങ്ങളും ഈ ചെറുപ്രായത്തിൽ തന്നെ മജിസിയയുടെ ജീവിതത്തിൻറെ ഭാഗമാണ്. മനസ്സിന് സന്തോഷം നൽകുന്ന കാര്യമാണതെന്നും ഒരുപാട് മനുഷ്യരുടെ പ്രാർത്ഥന കൂടിയാണ് തനിക്ക് അതിലൂടെ ലഭിക്കുന്നതെന്നും മജിസിയ പറയുന്നു.
പിന്നെയുള്ള ഇഷ്ടങ്ങളിൽ നിറയെ യാത്രകളാണ്. ഓരോ ചാമ്പ്യൻഷിപ്പിന് പോവുമ്പോഴും യാത്രകളെല്ലാം ആസ്വദിക്കാറുണ്ട്. മെഡൽ വരും വരാതിരിക്കും. പക്ഷേ, നമുക്ക് കിട്ടിയ ആ ഒരു അവസരത്തെ എന്തിന് ഉപയോഗിക്കാതിരിക്കണം. അതുകൊണ്ട് മത്സരത്തിനായി പോകുന്ന എല്ലാ യാത്രകളും ഞാൻ മാക്സിമം എക്സ്‍പ്ലോർ ചെയ്യാറുണ്ട്. പുതിയ കാഴ്ചകൾ, പുതിയ മനുഷ്യർ എല്ലാം ഊർജം നൽകുന്നവ തന്നെയാണ്.
ന്യൂ ജനറേഷനോട് മജിസിയയ്ക്ക് പറയാനുള്ളത്...
വളർന്നുവരുന്ന പുതിയ തലമുറയോടും പ്രത്യേകിച്ച് പെൺകുട്ടികളോടും മജിസിയക്ക് ഒന്നേ പറയാനുള്ളൂ- "മടിമാറ്റിവെയ്ക്കണം. കാരണം ഏറ്റവും റിസ്ക് ഫാക്ടറിൻറെ അപ്പുറത്താണ് വിജയം എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. റിസ്ക് എടുക്കാൻ റെഡി ആണോ, നമ്മൾ വിജയിച്ചിരിക്കും എൻറെ ജീവിതം തന്നെ എന്നെ പഠിപ്പിച്ചത് അതാണ്, നമ്മുടെ ചിന്തയ്ക്കനുസരിച്ച് നമ്മളായി മുന്നോട്ട് പോവുക നമ്മുടെ വിധി മറ്റൊരാളുടെ തീരുമാനങ്ങളാവരുത് പ്രത്യേകിച്ചും പെൺകുട്ടികളോട്.
നമ്മൾ ജീവിക്കേണ്ടത് നമുക്ക് വേണ്ടി, നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടിയിട്ടാവണം.. ഇനി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം നമ്മുടെ സ്വപ്നങ്ങൾക്ക് പരിധി വെക്കുന്നവർ സ്നേഹിക്കുന്നത് നമ്മളെയല്ല.. അവർ സ്‍നേഹിക്കുന്നത് അവരുടെ ജീവിതമാണ്. ചില കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാൽ തന്നെ നമ്മൾ ജീവിതത്തിൽ പാതി വിജയിച്ചെന്നാണ് അർത്ഥം. അതുമാത്രമല്ല നമ്മൾ ഫിസിക്കലി മാത്രം സ്ട്രോങ്ങ് ആയാൽ പോരാ മെന്റലി കൂടി സ്ട്രോങ്ങാവാൻ കഴിയണം.
പല പ്രതിസന്ധികളും വരും അപ്പോഴൊക്കെ തളർന്നു പോവാതെ മുന്നോട്ടു പോവാൻ നമുക്കാവണം. ഏത് മേഖലയിലുള്ള സ്ത്രീകളാവട്ടെ നമ്മുടെ മനസ്സിനെ എന്തും നേരിടാൻ തക്ക പ്രാപ്തമാക്കണം. തകർക്കാൻ പലരും ശ്രമിക്കും തളരില്ലെന്ന് കാണിച്ചു കൊടുക്കണം. ആത്മഹത്യയൊന്നും ഒന്നിനും ഒരു പരിഹാരമാവില്ല. നമ്മൾ ആത്മഹത്യ ചെയ്തതിനു ശേഷം നമ്മള് ശെരിയായിരുന്നു എന്ന് ആളുകൾ പറയുമ്പോഴല്ല മറിച്ചു നമ്മൾ ജീവിച്ചു കൊണ്ട് നമ്മളാണ് ശെരി എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്."
ഇനിയും ബാക്കി വെച്ച സ്വപ്നങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ പെൺകുട്ടികൾക്ക് വേണ്ടി മാർഷൽ ആർട്‍സ് ഒക്കെ പഠിപ്പിക്കുന്ന ഒരു അക്കാദമിയാണ് തൻറെ സ്വപ്നമെന്ന് പറയുന്നു മജിസിയ. അവസരങ്ങളില്ലാത്തത് കൊണ്ട് മാത്രം ഒരു കായികതാരത്തേയും നമുക്ക് നഷ്ടപ്പെടാൻ പാടില്ല. ആ അക്കാദമി ഒരു ബ്രാൻഡ് ആയിട്ട് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അപ്പോ അതിൻറെ കൂടെ ചാരിറ്റിയുടെ കൊണ്ടു പോകാലോ.... അങ്ങനെ ബല്യ ബല്യ സ്വപ്‍നങ്ങളാണെന്നേ ആ മുഖത്ത്.. കൂടെ ആർക്കും തകർക്കാൻ പറ്റാത്ത ആത്മവിശ്വാസവുമുണ്ട്..
ലേഖിക : കാമില കലാം







