മത്സ്യ വിപണനത്തിന് പുതിയ വെബ്സൈറ്റുമായി കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ . മത്സ്യഫെഡ് ഫ്രഷ്‌മീൻ' (www.matsyafedfreshmeen.com) എന്ന വെബ്സൈറ്റിലൂടെയാണ് മത്സ്യ വിപണനം നടത്തുക. 'ശുദ്ധമായ മത്സ്യം തനിമയോടെ' ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് മത്സ്യഫെഡ് പദ്ധതിയുടെ ലക്ഷ്യം. കടലിൽ നിന്നും കായലിൽ നിന്നും മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡ് നേരിട്ട് സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കും.
പദ്ധതിയുടെ ഉദ്ഘാടനം 2020 നവംബർ 6-ന് ഉച്ചകഴിഞ്ഞ് 2:30ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ധനകാര്യ - കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിർവ്വഹിക്കും. ഫീഷറീസ്, ഹാർബർ വകുപ്പ് മന്ത്രി ശ്രീമതി. ജെ മേഴ്സിക്കുട്ടിയമ്മ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ സ്വാഗതം ആശംസിക്കും. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ: ലോറൻസ് ഹാരോൾഡ് റിപ്പോർട്ട് അവതരിപ്പിക്കും.
മത്സ്യത്തിന് പുറമെ മത്സ്യ മൂല്യവർധിത ഉത്പന്നങ്ങളായ മീൻ അച്ചാർ, ചെമ്മീൻ അച്ചാർ, ചെമ്മീൻ ചമ്മന്തിപൊടി, ചെമ്മീൻറോസ്റ്റ്, ഫിഷ്‌ഫ്രൈ മസാല, കൈറ്റൊൺ ക്യാപ്സ്യൂൾ എന്നിവയും ഫിഷ്മാർട്ടുകൾ വഴി ലഭ്യമാകും. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ശീതീകരിക്കാത്ത മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു എന്നത് 'മത്സ്യഫെഡ് ഫ്രഷ്‌മീൻ' പദ്ധതിയുടെ പ്രത്യേകതയാണ്