വാഗമണിൽ നിശാപാര്‍ട്ടി നടന്നിടത്തുനിന്ന് വൻ ലഹരിമരുന്നു ശേഖരം പിടികൂടിയ സംഭവത്തിൽ പാർട്ടി സംഘടിപ്പിച്ച ഒരു യുവതി ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ സംസ്ഥാനത്ത് പലയിടത്തും ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചെന്നും സൂചനയുണ്ട്. അറുപതുപേരെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി വാഗമണിലെ റിസോർട്ടിൽ നിന്നും പിടികൂടിയത്.
വാഗമൺ ലഹരി പാർട്ടി കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിലെ ഇടതുനേതാക്കളുടെ നിർദേശപ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. എന്നാൽ റിസോർട്ടുടമ സിപിഐ നേതാവ് ഷാജി കുറ്റിക്കാട്ടിലിനെതിരെ നടപടിയെടുക്കുമെന്ന് സിപിഐ അറിയിച്ചു.
സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അധ്യക്ഷനുമായ ഷാജി കുറ്റിക്കാടിന്റെയാണ് വാഗമണ്ണിലെ ക്ലീഫ് ഇൻ റിസോർട്ട്. മുമ്പ് പല തവണ ഇവിടെ നിശാ പാർട്ടി നടന്നിട്ടുണ്ടെന്ന് ആരോപണം ഉണ്ട്. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഇയാൾ ആരോപണ വിധേയനാണെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു.
എന്നാൽ ജന്മദിന പാർട്ടിക്കായി ഓൺലൈൻ വഴിയാണ് റിസോർട്ട് ബുക്ക് ചെയ്യ്തതെന്ന് ഉടമ ഷാജി കുറ്റിക്കാട് വ്യക്തമാക്കി. പരിധിയിൽ കവിഞ്ഞ് ആളുകൾ എത്തിയത് ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയെന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് ഉടമ പറയുന്നത്. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഷാജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വലിയ അളവിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയെന്ന ആദ്യ വിവരത്തിന് വിരുദ്ധമായി അളവ് കുറച്ച് കാണിച്ച് കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം.
