Hot Posts

6/recent/ticker-posts

സിസ്റ്റർ അഭയ; 28 വർഷം നീണ്ട നീതിക്കായുള്ള കാത്തിരിപ്പ്.!



തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷ നാളെ വിധിക്കും. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റർ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂർ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി.
സിസ്റ്റർ അഭയ മരിച്ച് 28 വർഷങ്ങൾക്കു ശേഷമാണു കേസിൽ ഇത്തരമൊരു നീക്കം.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസിൽ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ നിർണായകമായത്..ഡമ്മി പരീക്ഷണം മുതല്‍ നാര്‍ക്കോ അനാലിസിസ് പോലുള്ള ശാസ്ത്രീയ മാര്‍ഗങ്ങൾ വരെ അവലംബിച്ചാണ് സിസ്റ്റർ അഭയയുടേതു കൊലപാതകമാണെന്ന നിഗമനത്തിലേക്കു സിബിഐ എത്തിയത്.

തെളിവില്ലെന്നു സിബിഐ മൂന്നു തവണ റിപ്പോർട്ട് നൽകിയ അഭയ കേസിൽ നിർണായകമായതു ചില വ്യക്തികളുടെ നിലപാടുകൾകൂടിയാണ്. അഭയയുടെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മയും പ്രധാന കണ്ടെത്തലുകൾ നടത്തുകയും ഒടുവിൽ മേലുദ്യോഗസ്ഥരുടെ സമ്മർത്തെത്തുടർന്ന് രാജിവയ്ക്കുകയും ചെയ്ത സിബിഐ ഉദ്യോഗസ്ഥൻ വര്‍ഗീസ്. പി. തോമസും, പ്രധാന സാക്ഷികളിലൊരാളായ മോഷ്ടാവ് അടയ്ക്ക രാജുമെല്ലാം കേസിന്റെ മുന്നോട്ടുപോക്കിൽ നിർണായക ഘടകങ്ങളാവുകയായിരുന്നു.  

1992 മാർച്ച് 27നു കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന കേസിൽ നിർണായകമായത് മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴിയാണ്. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷ്ടിക്കാനെത്തിയപ്പോൾ പ്രതികളായ ഫാദർ തോമസ് എം. കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും കണ്ടെന്നായിരുന്നു രാജു സിബിഐയോട് പറഞ്ഞത്. അഭയയെ കൊന്നത് രാജുവാണെന്ന് വരുത്തിത്തീർക്കാന്‍‌ ക്രൈംബ്രാഞ്ച് ശ്രമം നടത്തിയതായി ആരോപണം ഉയർന്നു. സാമ്പത്തിക വാഗ്ദാനങ്ങളുണ്ടായിട്ടും മൊഴിയിൽനിന്നു പിൻമാറാൻ തയാറാകാത്ത രാജുവിന്റെ നിലപാട് സിബിഐയ്ക്കു തുണയായി. കേസിൽ മൂന്നാം സാക്ഷിയാണു രാജു.

ബിസിഎം കോളജിൽ അഭയയുടെ മലയാളം അധ്യാപികയായിരുന്ന പ്രഫ. ത്രേസ്യാമ്മയാണ് കേസിലെ മറ്റൊരു പ്രധാന സാക്ഷി. അഭയയുടെ മരണം അറിഞ്ഞ് കോണ്‍വെന്‍റില്‍ ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തില്‍ ടീച്ചറുമുണ്ടായിരുന്നു. 133 സാക്ഷികളുണ്ടായിരുന്ന കേസിലെ ഭൂരിഭാഗം പേരും മൊഴിമാറ്റിയപ്പോള്‍ ത്രേസ്യാമ്മ സഹപ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെയുള്ള മൊഴിയില്‍ ഉറച്ചു നിൽക്കുകയായിരുന്നു. ഭീഷണികളും സമ്മർദങ്ങളുമുണ്ടായെങ്കിലും അവർ പിന്‍മാറിയില്ല.
1993 മാര്‍ച്ച് 29നു കേസ് സിബിഐ ഏറ്റെടുത്തിരുന്നു. 1994 ജൂണില്‍ ചുമതലയേറ്റ പുതിയ അന്വേഷണ സംഘം ഡമ്മി പരീക്ഷണത്തിലൂടെയാണ് അഭയയുടേതു കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്. എന്നാല്‍, 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളിലൂടെ പ്രതികളുടെ അറസ്റ്റിലേക്കു നീങ്ങാന്‍ സിബിഐക്കു കഴിഞ്ഞത്.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് അഭയയുടെ സഹോദരൻ ബിജു തോമസ് പറഞ്ഞു. ദൈവത്തിന്റെ ഇടപെടൽ കൊണ്ടാണ് 28 വർഷത്തിനുശേഷം അനുകൂല വിധി വന്നത്. സഹായിച്ച വൈദികർക്കും സന്യാസിനികൾക്കും നന്ദി പറയുന്നുവെന്നും ബിജു പറഞ്ഞു. വിധി വൈകാൻ കാരണം സഭയുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും ഇടപെടലാണ്. കേസ് തെളിയില്ലെന്നു തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടിയെന്ന് അഭയയുടെ സഹോദരൻ ബിജു പറഞ്ഞു.
Reactions