പ്രശസ്ത അമേരിക്കൻ കവി എമേഴ്സണിന്റെ ഒരു വാചകമുണ്ട് "ഭൂമി ചിരിക്കുന്നത് പൂക്കളിലൂടെയാണ്" എന്ന്. ഒരു കുഞ്ഞു പൂവ് വിരിഞ്ഞു നിൽക്കുന്നത് കാണുന്നത് തന്നെ കണ്ണിനെന്തൊരു ഇമ്പമേകുന്ന കാഴ്ചയാണ് അങ്ങനെയുള്ളപ്പോൾ വിരിഞ്ഞു നിൽക്കുന്ന പൂക്കളും വള്ളികളും ചേർന്ന് ഒരു കൊട്ടാരമായി കിടക്കുന്നത് കാണുമ്പോഴോ? മനസ്സിലെ സങ്കടങ്ങളെല്ലാം മറന്ന് തെല്ലു നേരം നമ്മളാ ഭൂമിയുടെ ചിരികളിലേക്ക് മതി മറന്ന് നോക്കി നിൽക്കില്ലേ?! എങ്കിൽ അത്തരമൊരു കാഴ്ചയാണ് കോഴിക്കോട് കോവൂരിൽ നമുക്ക് കാണാനുള്ളത്. കോഴിക്കോട്ടുകാർ നെഞ്ചോടു ചേർത്ത വിനോദ് കോവൂർ എന്ന കലാകാരന്റെ തറവാട്ടിലാണ് നമുക്കീ മനോഹര ദൃശ്യം കാണാനാവുന്നത്. ടെറസിൽ പൂത്തുലഞ്ഞു നിൽക്കുന്ന നാഗവള്ളി മുല്ല ഡിസംബർ മാസങ്ങളിൽ മഞ്ഞിനോടൊപ്പം വിരുന്നെത്തുന്ന അതിഥിയാണ്. വിനോദ് കോവൂരിന്റെ കോവൂർ ഉള്ള തറവാട്ടു വീട്ടിലാണ് ഈ വിസ്മയക്കാഴ്ച പൂത്തുലഞ്ഞു നിൽക്കുന്നത്.
15 വർഷങ്ങൾക്ക് മുമ്പ് വിനോദിന്റെ ഏട്ടൻ മനോജാണ് മണിമുല്ല എന്ന നാഗവള്ളി മുല്ലയുടെ ഒരു തൈ കൊണ്ട് വന്ന് നട്ടത്. 7 വർഷങ്ങൾക്ക് ശേഷമാണ് നാഗവല്ലി മുല്ല പൂവിട്ടു തുടങ്ങിയത്. ഇങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി നാഗവള്ളി വളരുമെന്ന് വീട്ടുകാരാരും തന്നെ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. വീട്ടുമുറ്റത്തെ ആര്യവേപ്പിന്റെ അടുത്ത് നട്ട നാഗവള്ളി പിന്നീട് ചുറ്റിവരിഞ്ഞു അതിന്റെ മുകളിലൂടെ ടെറസ്സിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. വിസ്മയിപ്പിക്കുന്ന ഈ കാഴ്ച മറ്റെവിടെയും ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് കാഴ്ചക്കാരും പറയുന്നത്.
കണ്ണും കാതും തുറപ്പിക്കുന്ന മത്തു പിടിപ്പിക്കുന്ന സൗന്ദര്യവും ഗന്ധവുമാണ് നാഗവള്ളി മുല്ലയ്‌ക്ക്. നാഗത്തെ പോലെ കെട്ട് പിണഞ്ഞു കിടക്കുന്നത് കൊണ്ടാണ് ഇതിനു നാഗവള്ളി മുല്ല എന്ന പേര് വന്നതെന്ന് അഭിഭാഷകൻ കൂടിയായ മനോജ് പറയുന്നു. ഡിസംബറിന്റെ മഞ്ഞിൽ മഞ്ഞു തുള്ളി കണക്കെ മണ്ണിൽ വീണു കിടക്കുന്ന മണി മുല്ലകൾ മനസ്സിനെ കുളിർപ്പിക്കുന്ന കാഴ്ചയാണ്. കൗതുക കാഴ്ച കാണാനും ഫോട്ടോയെടുക്കാനുമായി അനേകം പേരാണ് ഇതിനകം വന്ന് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ നാഗവള്ളി പടർപ്പിനുള്ളിലായി ഒരു വള്ളികുടിലുണ്ടാക്കി വെച്ചിട്ടുണ്ട്. പൂമ്പാറ്റകളും, വണ്ടുകളും, തേനീച്ചകളും ഇവിടത്തെ നിത്യ സന്ദർശകരാണ്.



