ഈരാറ്റുപേട്ട: കൊവിഡ് കാലത്ത് ആൾത്തിരക്കുണ്ടാവും എന്ന ഭയം മൂലം ആരും ദേവാലയങ്ങളിൽ പോയില്ലെങ്കിലും ആരാധന മുടങ്ങില്ല.. കാരണം ദേവാലയം ഇനി നിങ്ങളുടെ വീട്ടുമുറ്റത്തെത്തും..കേരളത്തിലെ ഒട്ടേറെ ആരാധനാലയങ്ങളുടെയും മാതൃകകൾ വാഹനങ്ങളിൽ സൃഷ്ടിച്ചാണ് വിശ്വാസികളുടെ വീട്ടുമുറ്റങ്ങളിലെത്തുന്നത്. ഈരാറ്റുപേട്ട സ്വദേശിയായ സുഹൈലും കൂട്ടരുമാണ് ഇത്തരമൊരു പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
ഈരാറ്റുപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിന് മുൻപിലാണ് ആർഎച്ച്എം സൗണ്ട്സിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.. തൃസന്ധ്യാ നേരത്ത് പള്ളിയിൽ മുഴങ്ങിയ ബാങ്കൊലിയുടെ പശ്ചാത്തലത്തിൽ ദീപാലങ്കാരങ്ങളാൽ അലംകൃതമായ രണ്ട് ക്രിസ്ത്യൻ ദേവാലയങ്ങളുടെ മാതൃകകൾ അമ്പരപ്പുളവാക്കുന്നതായിരുന്നു. എന്നാൽ മത സൗഹാർദ്ദത്തിന് പേരുകേട്ട ഈരാറ്റുപേട്ടയിൽ ഇത് അത്ഭുതമല്ലെന്നെന്നതാണ് സത്യം..
വർഷങ്ങളായി കേരളത്തിലെമ്പാടുമുള്ള ആരാധനാലയങ്ങളിലും... തിരഞ്ഞെടുപ്പുകാലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ജാഥകളിലും മറ്റും വാഹനങ്ങളിൽ ആർച്ചുകളും ഫ്ളക്സുകളും തയ്യാറാക്കുന്നത് പ്രധാനമായും ഈരാറ്റുപേട്ടയിൽ നിന്നുമാണ്.. കട്ടൗട്ടുകളുടെയും ശബ്ദ - വെളിച്ച സംവിധാനങ്ങളുടെയും ബിസിനസ്സ് കാലങ്ങളായി ഈരാറ്റുപേട്ടയിൽ പ്രബലമാണ്.. എന്നാൽ തിരഞ്ഞെടുപ്പും, മറ്റു സീസണുകളും കഴിഞ്ഞാൽ ഇവർക്ക് പകരം ജോലി കണ്ടെത്തേണ്ടതായിട്ടും വരാറുണ്ട്.. ഈ സമയത്താണ് പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫോറോന പളളി തങ്ങളുടെ പള്ളിയുടെ രൂപം ഒരു വാഹനത്തിൽ തയ്യാറാക്കി തരണമെന്ന് ആവശ്യപ്പെട്ടത്.. കോവിഡ് കാലമായതിനാൽ നിയന്ത്രണങ്ങളോടെ തിരുനാൾ നടത്തുമ്പോൾ വീടുകളിൽ എത്തി കഴുന്നു സ്വീകരിക്കാനുള്ള സംവിധാനമാണ് അതിരമ്പുഴ പള്ളിക്കായി ഈ പള്ളിവാഹനങ്ങളിൽ ഒരുക്കി നൽകുന്നത്..
പളളിപെരുന്നാളും ഉത്സവവും ഒക്കെ ഒരു നാടിന്റെ കൂടി ആഘോഷങ്ങളാണ്. കൊറോണ വരുത്തിയ മാറ്റങ്ങൾ വിശ്വാസി സമൂഹത്തെയും സരമായി ബാധിച്ചിരുന്നു . കോവിഡ് ചട്ടങ്ങൾക്കു കീഴിൽ നിശ്ചിത എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി ആരാധനാലായങ്ങളിൽ ആരാധനയും മറ്റും നടത്തുമ്പോൾ എല്ലാ വിശ്വവാസികൾക്കും പങ്കെടുക്കാൻ കഴിയാതെ വന്നു.. ഈ സാഹചര്യത്തെ മറികടക്കാൻ ഇത്തരം വാഹനങ്ങളുടെ ഉപയോഗം ഗുണകരമാകുന്നുണ്ട്.. നാലു വാഹനങ്ങളാണ് അതിരമ്പുഴ പള്ളിയിലേക്ക് നിർമ്മിച്ചു നൽകാനായി ഓർഡർ ലഭിച്ചിരിക്കുന്നത്.. രണ്ടെണ്ണത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞു..
ലെയ്ത്തിൽ നിന്ന് കമ്പി വെൽഡ് ചെയ്ത ശേഷം.. ഡിസൈൻ ചെയ്ത് മൾട്ടി വുഡ്ഡ്.. കട്ട് ചെയ്തെടുത്ത്. ഔട്ട് ലൈൻ വരച്ച് ഫോട്ടോ പ്രിൻ്റ്. ചെയ്ത് ഒട്ടിച്ചാണ്.. പളളിയുടെ മുൻ ഭാഗം തയ്യാറാക്കിയിരിക്കുന്നത്.. ഫ്ളക്സിനു പകരം തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്യതയാർന്ന രൂപകൽപ്പനയും പ്രകാശ വിതാനവുമെല്ലാം ചേരുമ്പോൾ വിശ്വാസികൾക്ക് പെരുന്നാൾ ദിനത്തിലെ ദേവാലയമുറ്റത്ത് നിൽക്കുന്ന അനുഭൂതി നൽകുന്നവയാണ് ഓരോ മാതൃകകളും.
രണ്ട് പിക്കപ്പ് ലോറികളും, ഒരു കമാൻണ്ടർജീപ്പും, ഒരു സാധാരണ ജീപ്പിലുമായിട്ടാണ് പള്ളികൾ തയ്യാറാവുന്നത്. 'മുൻപ് രഥം തയ്യാറാക്കി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇത് ആദ്യമായിട്ടാണ് പള്ളി തയ്യാറാക്കുന്നത്. ആർഎച്ച്എം സൗണ്ട്സ് ആന്ഡ് ഇവന്റ്സ് ഉടമയായ സുഹൈലിനൊപ്പം റമീസ് കാരയ്ക്കാട്, നസീബ് മൗലാ, ഹാഷിം ഡയറാ, സുദേവ്, നിസാർ, അഫ്സൽ, ഹനീഫക്കുട്ടി.. തുടങ്ങിയവരാണ് വാഹനങ്ങളിലെ ദേവാലയ നിർമ്മാണത്തിന്റെ അണിയറയിലുള്ളത്. ഇതിനകം നിർമ്മാണം പൂർത്തിയായ ക്രൈസ്തവ ദേവാലയത്തിന്റെ മാതൃകകൾ കണ്ടറിഞ്ഞ് നിരവധി പള്ളികളിൽ നിന്നും ഇത്തരത്തിൽ നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഓർഡറും ലഭിക്കുന്നുണ്ട്.. ഈ മാസം 19 നാണ് അതിരമ്പുഴ തിരുനാൾ തിരുനാൾ ദിനങ്ങളിൽ രൂപക്കൂട് അടങ്ങിയ വാഹനവും, പള്ളിയും വിശ്വാസികളുടെ മുന്നിലെത്തും.

