Hot Posts

6/recent/ticker-posts

കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കും - BMTV



കണ്ണൂര്‍ :  ഇന്നത്തെ വാക്‌സിന്‍ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെ 133 കേന്ദ്രങ്ങളിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ നടത്തുക..
ആദ്യഘട്ടത്തിലെ വാക്‌സിന്‍ വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതാണെന്നും രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്‌സിന്‍ ലഭിക്കുകയെന്നും മന്ത്രി  പറഞ്ഞു .അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് പോലീസുകാര്‍, അങ്കൺവാടി വര്‍ക്കര്‍മാര്‍, വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണന പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ്. തൊട്ടുപിന്നാലെ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 50 വയസ്സിനു മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ കേന്ദ്രത്തില്‍നിന്ന് കിട്ടുന്നതിന് അനുസരിച്ച് തുടര്‍ച്ചയായി കൊടുത്തു കൊണ്ടിരിക്കുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

വാക്‌സിന്‍ ഉത്പാദിപ്പിച്ചു കിട്ടുന്നതിന്റെയും കേന്ദ്രത്തിന്റെ ക്വാട്ട അനുവദിച്ചു കൊടുക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് വാക്‌സിന്‍ വിതരണം. വാക്‌സിന്‍ വന്നുകഴിഞ്ഞാല്‍ ഇത്തരം വൈറസുകളെ കീഴടക്കാന്‍ സാധിക്കും. അടുത്ത ഘട്ടം വാക്‌സിന്‍ വിതരണത്തിനും കേരളം പൂര്‍ണമായും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന്.
Reactions