Hot Posts

6/recent/ticker-posts

താണ്ഡവിനെതിരെ ബിജെപി; ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ആരോപണം -BMTV



ലക്നൗ :ആമസോൺ പ്രൈമിലെ ‘താണ്ഡവ്’ വെബ്സീരീസിന്റെ നിർമാതാക്കൾക്കെതിരെ കേസ് എടുത്ത് യുപി പൊലീസ്. താണ്ഡവിൽ ഹിന്ദു ദൈവങ്ങളെ   അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്ഐയാണ് പരാതി നൽകിയിരിക്കുന്നത്.

മതസ്പർധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വെബ്സീരീസിന്റെ സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ആമസോൺ ഇന്ത്യ ഒർജിനൽ കൺഡന്റ് തലവൻ എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്ഐആറിന്റെ പകർപ്പ് ട്വിറ്ററിൽ പങ്കുവച്ചു.അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ വിജയകരമായി മുന്നേറുമ്പോഴാണ് വിവാദവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. നടനായ മുഹമ്മദ് സീഷൻ അയ്യൂബ് സ്‌റ്റേജ് പെർഫോമറായി എത്തിയ സീനിൽ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും 'ആസാദി.. എന്താ' എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം.

ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു.  ഉത്തർപ്രദേശിൽ ജനങ്ങളുടെ വികാരങ്ങൾവച്ചു കളിച്ചാൽ സഹിക്കില്ല. വിദ്വേഷം പരത്തുന്ന തരംതാണ വെബ്സീരീസായ താണ്ഡവിന്റെ മുഴുവൻ ടീമിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിനായി തയാറെടുക്കുക എന്നും ത്രിപാഠി ട്വിറ്ററിൽ കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിപ്രകാരം വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. അതേ എപ്പിസോഡിൽ തന്നെ പ്രധാനമന്ത്രിയായി വേഷമിടുന്നയാളും വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതിയിൽ പറയുന്നു. താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തെഴുതിയിരുന്നു. 
Reactions