തിരുവനന്തപുരം : സ്വർണക്കടത്തു കേസില്‍ ആരോപണം നേരിടുന്ന സ്പീക്കറെ സ്ഥാനത്തുനിന്നും നീക്കണമെന്ന പ്രമേയം സഭ ചർച്ച ചെയ്യുന്നു. പ്രതിപക്ഷത്തുനിന്നും എം. ഉമ്മറാണ് നോട്ടിസ് നൽകിയത്. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസ്സില്‍ നിന്നിറങ്ങി.തുടർന്ന ഡെപ്യൂട്ടി സ്പീക്കർ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത്. ബിജെപി അംഗം ഒ. രാജഗോപാലടക്കം 20പേർ സ്പീക്കർക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചു.
ഇതിനിടെ എസ്.ശര്‍മ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രമേയം അനുവദിക്കരുതെന്ന് തടസവാദം ഉന്നയിച്ചു . വസ്തുതകളുടെ പിന്‍ബലമില്ലാതെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി കൊണ്ടുവന്ന പ്രമേയമെന്ന് എസ്. ശർമ്മ പറഞ്ഞു.
ഇതിനു മുൻപ് വക്കം പുരുഷോത്തമൻ, എ.സി. ജോസ് എന്നിവരാണ് ഇത്തരം പ്രമേയങ്ങളെ നേരിട്ടിട്ടുള്ളത്. അതെല്ലാം രാഷ്ട്രീയ കാര്യങ്ങളായിരുന്നെങ്കിൽ ഇത്തവണ ഡോളർ, സ്വർണക്കടത്ത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.
സ്വപ്നയുമായി കുടുംബപരമായി ബന്ധമുണ്ടെന്നു നേരത്തെ സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ടെന്നു ഉമ്മർ പറഞ്ഞു. സ്വർണക്കടത്തു കേസിലെ പ്രതികളിലൊരാളുടെ വർക്‌ഷോപ് ഉദ്ഘാടനത്തിനു സ്പീക്കർ പോയി. വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. ഓരോ ദിവസം ഗൗരവകരമായ വാർത്തയാണ് വരുന്നത്. സ്പീക്കറുടെ പഴ്സനൽ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഇവിടെ നിയമസഭയുടെ അന്തസാണ് പ്രശ്നമെന്നും എം. ഉമ്മർ പറഞ്ഞു.
