Hot Posts

6/recent/ticker-posts

നിയന്ത്രണം വിട്ട കാർ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ചു



പാറത്തോട്: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ടിരുന്ന കാറുമായി ചേർത്ത് ഇടിച്ചു തെറിപ്പിച്ചു.  പാറത്തോട് ഇടപ്പറമ്പിൽ സാബുവിന്റെ മകൾ ഷാനി സാബുവിനെയാണ്  ഇടിച്ചു തെറിപ്പിച്ചത്.ഗുരുതര പരുക്കേറ്റ ഷാനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർഥിനിയാണ്. 

ഇന്നലെ വൈകിട്ട് 3.45ന് ദേശീയ പാതയിൽ പാറത്തോട് ജംക്‌ഷനു സമീപം മീനച്ചിൽ ബാങ്കിനു മുന്നിലായിരുന്നു അപകടം. കോളജിൽ നിന്ന് മടങ്ങിയ ഷാനി പാറത്തോട്ടിൽ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. എതിർദിശയിലൂടെ നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ തെറിച്ചുപോയി മുന്നിലുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വഴിയരികിൽ കാറും ലോറിയും പാർക്ക് ചെയ്തിരുന്നതിനാൽ ഷാനി ഇവയോടു ചേർന്നു നടന്നു പോകുകയായിരുന്നു. ഇവിടെ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അറവുമാടിനെ സ്ഥിരമായി കെട്ടിയിടുന്നതും മൂലം കാൽനട യാത്രികർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
Reactions