തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കസവു മുണ്ടുടുത്താണ് ഗവർണർ നിയമസഭയിലെത്തിയത്. പ്രതിഷേധ ബാനറുകളും പ്ലക്കാർഡികളുമായി പ്രതിപക്ഷവും സഭയിലെത്തി. സ്പീക്കർക്കെതര മുദ്രാവാക്യവും വിളിച്ചു.
താൻ ഭരണഘടനാപരമായ കടമയാണ് നിർവഹിക്കുന്നത്. അപ്പോൾ അത് തടസപ്പെടുത്താൻ പാടില്ല. തന്റെ കടമ നിർവഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ ആവർത്തിച്ചു പറഞ്ഞു. നിങ്ങൾ ഇപ്പോൾ തന്നെ വളരെയധികം മുദ്രാവാക്യം വിളിച്ചു. എന്റെ ചുമതല നിറവേറ്റാൻ അനുവദിക്കൂവെന്ന് പ്രതിപക്ഷത്തോട് ഗവർണർ. സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപോയി. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരായിരുന്നു ഇതെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.
കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെയും തദ്ദേശീയരുടെയും പുനരധിവാസമാകും നയപ്രഖ്യാപനത്തിലെ ഊന്നൽ. നാലര വർഷത്തെ സർക്കാരിന്റെ നേട്ടങ്ങളും ചൂണ്ടിക്കാട്ടും. 12 മുതൽ 14 വരെ നന്ദിപ്രമേയ ചർച്ച. അടുത്ത വർഷത്തെ ബജറ്റ് 15ന് രാവിലെ 9ന് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ബജറ്റിനേക്കുറിച്ചുള്ള ചർച്ച 18 മുതൽ 20 വരെ. അന്തിമ ഉപധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും 21ന്. ആദ്യ 4 മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടിൻമേൽ ചർച്ചയും വോട്ടെടുപ്പും 25ന്. 27, 28 തീയതികളിൽ അടിയന്തരമായി പാസാക്കേണ്ട ബില്ലുകൾ അവതരിപ്പിക്കാനാണു സാധ്യത. കിഫ്ബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ വിവാദമായ സിഎജി റിപ്പോർട്ടും ഈ സമ്മേളനത്തിൽ മേശപ്പുറത്തു വയ്ക്കും.
