ആന്ധ്രാപ്രദേശ്: കർനൂളിൽ ദേശീയപാത 44 ൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 14 പേർ മരിച്ചു.അപകടത്തിൽപ്പെട്ട നാല് കുട്ടികൾ രക്ഷപ്പെട്ടു. അതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആധാർ കാർഡുകളുടെയും ഫോൺ നമ്പറുകളുടെയും അടിസ്ഥാനത്തിൽ അപകടത്തിൽപെട്ടവരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിക്കുകയാണ്.
കർനൂൾ ജില്ലയിലെ വെൽദുർത്തി മണ്ഡലിലെ മദർപുർ ഗ്രാമത്തിനടുത്ത് പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് വാഹനത്തിൽ 18 പേർ ഉണ്ടായിരുന്നു. ചിത്തൂർ ജില്ലയിലെ മദനപ്പള്ളിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിയതാണോ അതോ ടയർ പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.


