Hot Posts

6/recent/ticker-posts

ജോസ് കെ.മാണി പാലായിൽ തന്നെ ; പതിനഞ്ച് സീറ്റുകളിൽ അവകാശം ഉന്നയിക്കാൻ കേരള കോൺഗ്രസ്





കോട്ടയം: എൽ ഡി എഫിൽ സീറ്റ് ചർച്ചകൾ ആരംഭിക്കാനിരിക്കെ പതിനഞ്ച് സീറ്റുകളിൽ അവകാശം ഉന്നയിക്കാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം.കേരള കോൺഗ്രസ് (എം). ചെയര്‍മാന്‍ ജോസ് കെ.മാണി പാലായില്‍ തന്നെ സ്ഥാനാര്‍ഥിയാകും. കോട്ടയത്ത് സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പിള്ളിയിലും കേരള കോൺഗ്രസ് (എം) മത്സരിക്കും. ഇടതു മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും കേരള കോണ്‍ഗ്രസും എല്‍ഡിഎഫുമായി നേരത്തെ ചില ധാരണകളില്‍ എത്തിയിട്ടുണ്ട്. പതിനഞ്ച് ചോദിക്കുന്നുവെങ്കിലും പന്ത്രണ്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്നാണ് ജോസിന്‍റെ പ്രതീക്ഷ. പാലാ സീറ്റിന്‍റെ അവകാശി ജോസ് കെ.മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയില്‍‌ ഉറപ്പ് ലഭിച്ചിട്ടുണ്ട്. പാലായ്ക്ക് പുറമെ കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശേരി സീറ്റുകളാണ് കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.


യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍ സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കും. സിപിഐയുടെ കൈവശമുള്ള കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ നല്‍കേണ്ടി വന്നാല്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി നഷ്ടമാകും. ചര്‍ച്ചകള്‍ പുരോഗമിക്കവെ സിപിഐയെ അനുനയിപ്പിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കി, എറണാകുളം ജില്ലയില്‍ പെരുമ്പാവൂരോ പിറവമോ പത്തനംതിട്ടയില്‍ റാന്നിയുമാണ് പ്രതീക്ഷിക്കുന്ന മറ്റ് സീറ്റുകള്‍.
മലബാറില്‍ പേരാവൂര്‍, ഇരിക്കൂര്‍, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകളിലാണ് കണ്ണ്. ഇതില്‍ രണ്ട് സീറ്റുകള്‍ ലഭിച്ചേക്കും. എണ്ണം തികയ്ക്കാന്‍ ജയസാധ്യത ഇല്ലാത്ത തൊടുപുഴ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ നല്‍കാനുള്ള സാധ്യതകളുമുണ്ട്. ചങ്ങനാശേരിയില്‍ ജോബ് മൈക്കിളിനെയാണ് പരിഗണിക്കുന്നത്. ഇവിടെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ കെ.സി.ജോസഫിനെ പരിഗണിക്കേണ്ടിവരുമെന്ന സൂചന എല്‍ഡിഎഫ് നല്‍കുന്നു.



Reactions