ആലപ്പുഴ : ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട്ടില്‍നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി.ആലപ്പുഴ മാന്നാറിലാണ് സംഭവം
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അജ്ഞാത സംഘം യുവതിയുടെ വിട്ടിലെത്തി യുവതിയെ തട്ടികൊണ്ടുപോയത് . കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ രണ്ടു മണിക്ക് വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോകുകയായിരുന്നു.
നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തു നിന്ന് നാട്ടിൽ എത്തിയത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യതുവരുകയായിരുന്നു ബിന്ദു. സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്തു.
15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേര്‍ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതില്‍ പൊളിച്ച് അക്രമികള്‍ അകത്തുകടന്നു എന്ന ബന്ധുക്കൾ പറയുന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാർ ആരോപിച്ചു.
വീട്ടിലെത്തിയതു മുതൽ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലർ വീട്ടിൽ എത്തിയിരുന്നുവെന്നും ബിന്ദുവിന്റെ ബന്ധുക്കൾ മൊഴി നൽകി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്‍റെ ഫോണും പൊലീസിന് കൈമാറിട്ടുണ്ട്. ഇതിലൊരാള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രവുമുണ്ട്. രാജേഷ് എന്ന യുവാവിനെപറ്റിയാണ് ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നത്. ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു. .വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് ബിനോയ് പോലീസിന് മോഴി നൽകിയിരുന്നു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും സംഘത്തിന്റെ ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. എന്നാൽ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു.നാട്ടിലെത്തിയ ശേഷം ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.
സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മാന്നാര്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


