Hot Posts

6/recent/ticker-posts

കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കര്‍ണാടക - BMTV




ബെംഗളൂരു: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക വീണ്ടും അതിര്‍ത്തികള്‍ അടയ്ക്കുന്നു. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്കു നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇന്നു മുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക അറിയിച്ചു. 



ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയാണു ബാവലിയിൽ കർണാടക ഉദ്യോഗസ്ഥർ തടഞ്ഞിട്ടത്. ഇതോടെ കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. തുടർന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്നു ചർച്ച നടത്തി കർശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ റജിസ്റ്റർ ചെയ്തശേഷമാണ് കടത്തിവിടുന്നത്. എന്നാൽ വയനാട് കർണാടക അതിർത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല. 
ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്. 
അതിര്‍ത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ നിലപാട്. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ ജനങ്ങളുട ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങളെന്ന് ജനങ്ങള്‍ പറയുന്നു. നീക്കത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാന്‍ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.



Reactions