തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ കടന്നാക്രമിച്ച് സിപിഎം. രാഹുൽ ഗാന്ധിയുടെ പ്രസ്താവന ശുദ്ധവിവരക്കേടെന്ന് പിബി അംഗം എം.എ.ബേബി പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണം തുടര്‍ന്നാല്‍ ഇടതുമുന്നണിയുടെ വിജയം എളുപ്പമാകുമെന്നും എം.എ. ബേബി പറഞ്ഞു. എൽഡിഎഫിന്റെ ആളാണെങ്കിൽ, അവരുടെ കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നും സ്വർണക്കടത്തു വരെ നടത്താമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയക്കെതിരെ പ്രതികരിക്കുകയായിരുന്നു എം.എ.ബേബി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ യുഡിഎഫ് രാഹുല്‍ ഗാന്ധിയെ ഇറക്കുമെന്ന ഉറപ്പായതോടെ രണ്ടുംകല്‍പ്പിച്ച് നീങ്ങാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പൊതുവെ സൗമ്യമായി സംസാരിക്കാറുള്ള എം.എ.ബേബി രൂക്ഷമായ ഭാഷയിലാണ് രാഹുലിനെ വിമർശിച്ചത്.
അഖിലേന്ത്യാ നേതാവെന്ന നിലയില്‍ തന്‍റെ മുന്‍ഗണന മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായെന്നും എം.എ.ബേബി പറഞ്ഞു. ഗുജറാത്തില്‍ പ്രചാരണത്തിനുപോയ രാഹുല്‍ ഗാന്ധി താന്‍ പൂണൂല്‍ ധരിച്ച ഹിന്ദുവാണെന്നാണ് പറഞ്ഞത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മകളുടെ ചെറുമകന്‍ മൃദുഹിന്ദുത്വം പറയുന്നത് കേരളത്തിലെ സാക്ഷരതയുള്ള ജനം തിരിച്ചറിയുമെന്നും എം.എ.ബേബി പറഞ്ഞു.


