കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിജയ രാഘവനും കെ.സുരേന്ദ്രനും പറയുന്നത് ഒരേ കാര്യമാണെന്നും രണ്ട് കൂട്ടരും മുസ്ലീം ലീഗിനേയും അതുവഴി മതന്യൂനപക്ഷങ്ങളേയും അക്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ആവര്‍ത്തനം തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല .
ശബരിമല വിഷയത്തില്‍ രണ്ടും പേരും മിണ്ടെണ്ടന്ന് തീരുമാനിച്ചിരിക്കുന്നു. സിപിഎമ്മിന്റേയും ബിജെപിയുടേയും ഒത്തുകളിയുടെ ഭാഗമാണിത്. ഇരുവരുടേയും പുതിയ കൂട്ടുകെട്ടിന് തടസം നില്‍ക്കുന്നത് കൊണ്ടാണ് ശബരിമലയുടെ കാര്യം മിണ്ടാത്തത്. ശബരിമലയില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ഉത്തരവാദി സിപിഎമ്മും അവിടം കലാപഭൂമിയാക്കാനുള്ള ബിജെപിയുടെ ശ്രമവും കേരളത്തിലെ ജനങ്ങള്‍ കണ്ടിട്ടുള്ളതാണ് അദേഹം കൂട്ടിചേർത്തു.
സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന റിവ്യൂ ഹര്‍ജി വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്ന് ചെന്നിത്തല ചോദിച്ചു. "യു.ഡി.എഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം മാറ്റികൊടുത്ത നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ. പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകുമോ. അതിന് സംസ്ഥാനത്തെ ബിജെപി നേതൃത്വം മുന്‍കൈ എടുക്കുമോ. നിയമം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല." - അദ്ദേഹം ചേദിച്ചു.


