ന്യൂഡൽഹി :കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. എന്തായാലും ഒക്ടോബറിനു മുൻപ് സമരം അവസാനിപ്പിക്കില്ല. നടപടി ഉണ്ടായില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി സംഘടിപ്പിക്കും. 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തുമെന്നും ടിക്കായത്ത് വ്യക്തമാക്കി.
പ്രതിപക്ഷത്തിന് കർഷകരെ പിന്തുണയ്ക്കണമെങ്കിൽ അതു ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അതൊരിക്കലും രാഷ്ട്രീയവത്കരിക്കരുത്. രാഷ്ട്രീയ നേതാക്കൾ ഞങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരുന്നതിൽ ഒന്നും ചെയ്യാനാകില്ല. കർഷകരുടെ പ്രതിഷേധം ഒരിക്കലും രാഷ്ട്രീയമല്ല. ഒരു രാഷ്ട്രീയക്കാരനും വേദിയിൽ മൈക്കോ സ്ഥലമോ നൽകിയിട്ടില്ല. കർഷകർ ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ല. പോലീസുകാർ ബാരിക്കേഡുകൾ സ്ഥാപിച്ചതോടെയാണ് ഗതാഗതം സ്തംഭിച്ചതെന്നും ടിക്കായത്ത് പറഞ്ഞു.


