നയ്‌പിറ്റോ∙ മ്യാന്‍മറിലെ സൈനിക അട്ടിമറിക്കു പിന്നാലെ സൈന്യത്തിന് കർശന താക്കീതു നൽകി യുഎസ് ഭരണകൂടം. മ്യാന്‍മറിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പിന്മാറിയില്ലെങ്കില്‍ നടപടിയെന്നും യുഎസ് മുന്നറിയിപ്പ് നൽകി. ഒരു വര്‍ഷത്തേക്ക് മ്യാന്‍മറില്‍ പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിലാണ് മുന്നറിയിപ്പ്. ഓങ് സാൻ സൂചി, വിന്‍ മയന്റ് തുടങ്ങിയ നേതാക്കളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും യുഎസ് മ്യാൻമർ സൈന്യത്തോട് പറഞ്ഞു.
മ്യാൻമർ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75), പ്രസിഡന്റ് വിന്‍ മയന്റ്, ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പാൻ താർ മൈന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അറസ്റ്റിലായത് സൈന്യം സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനാണ് അറസ്റ്റെന്നാണ് സൈന്യം പറയുന്നത്. സൈനികനീക്കം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് ചേരാനിരിക്കെയാണ്.


