നടൻ ധനുഷ് നായകനായി എത്തുന്ന കർണൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് . ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും. കഴിഞ്ഞദിവസം സംവിധായകൻ ട്വിറ്ററിലൂടെ പുറത്തുവിട്ട അനൗൺസ്മെന്റ് ടീസറിലാണ് ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.ബ്ലാക് ആൻഡ് വൈറ്റ് കളർ ടോണിൽ ആണ് ടീസർ . കൈയിൽ വാളുമായി പാറക്കെട്ടുകൾക്കു മുകളിൽ നിൽക്കുന്ന ധനുഷാണ് ടീസറിലെ ഹൈലൈറ്റ്. മലയാളി പ്രേക്ഷകർക്കും വളരെയേറെ പ്രതീക്ഷയുള്ള ചിത്രമാണ് കർണൻ. കാരണം, ചിത്രത്തിൽ ഒന്നിലധികം മലയാളി സാന്നിധ്യമുണ്ട്. നായികയായി എത്തുന്നത് രജീഷ വിജയനാണ്. നടൻ ലാലും പ്രധാന വേഷത്തിൽ എത്തുന്നു.
നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കർണനിലൂടെയാണ്. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.


