തിരുവനന്തപുരം: ഇടതു മുന്നണി വിടാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയില്‍ തുടരാന്‍ എ.കെ.ശശീന്ദ്രന്‍ വിഭാഗം . മാണി സി. കാപ്പന്‍ സംസ്ഥാന നേതൃയോഗം വിളിച്ച് ആലോചിക്കാതെ ഏകപക്ഷീയമായി നീങ്ങിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആരോപണം. കോണ്‍ഗ്രസ് എസില്‍ ലയിക്കുന്നത് പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം മതിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിലെ പൊതുധാരണ.
മാണി സി.കാപ്പന്റെ നീക്കങ്ങളില്‍ ശശീന്ദ്രന്‍ വിഭാഗത്തിന് ഞെട്ടലില്ല. ഇന്നല്ലെങ്കില്‍ നാളെ മാണി സി. കാപ്പന്‍ വിയോജിച്ച് പുറത്തുപോകുമെന്ന ധാരണയില്‍ ശശീന്ദ്രന്‍ അണിയറ നീക്കങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. താന്‍ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് സിപിഎമ്മിന് ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിസ്ഥാനം ശശീന്ദ്രന്‍ വിട്ടുനല്‍കാത്തതാണ് കാപ്പനെ ആദ്യം ചൊടിപ്പിച്ചത്.
ശശീന്ദ്രന് സ്വന്തം കാര്യം നോക്കാമെങ്കിലും സ്വന്തം മണ്ഡലത്തിന് വേണ്ടി കടുത്ത തീരുമാനം എടുക്കുമെന്ന് കാപ്പന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃയോഗം വിളിച്ചുകൂട്ടി ആലോചിക്കാതെയാണ് കാപ്പന്റെ തീരുമാനങ്ങളെന്ന് ശശീന്ദ്രന്‍ വിഭാഗം കുറ്റപ്പെടുത്തി. എന്‍സിപി പാര്‍ട്ടിയായി തന്നെ മുന്നണി വിടുമോ കാപ്പന്‍ ഒറ്റയ്ക്ക് പുറത്തേക്ക് പോകുമോ എന്നതാണ് ശശീന്ദ്രന്‍ നോക്കുന്നത്.


