തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. നാലിടങ്ങളിലായി നടക്കുന്നെന്ന പ്രത്യേകതയും ഇത്തവണത്തെ ചലച്ചിത്രമേളയ്ക്കുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഷീൻലുക് ഗൊദാർദിനുവേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്ത ഡെലിഗേറ്റുകൾക്കും മാത്രമാണ് പ്രവേശനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാത്രമാണ് പാസ് അനുവദിച്ചിരിക്കുന്നത്.ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയൻ ചിത്രം ‘ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കുക. നഗരത്തിലെ ആറു തിയേറ്ററുകളിലായി 2164 ഇരിപ്പിടങ്ങളാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 2500 പാസുകളാണ് തിരുവനന്തപുരത്തെ മേളയിൽ അനുവദിച്ചിട്ടുള്ളത്. അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്ക്, അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളനാസ്, ഇർഫാൻ ഖാൻ, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റർജി, ഭാനു അത്തയ്യ, സച്ചി, അനിൽ നെടുമങ്ങാട്, ഋഷികപൂർ എന്നീ പ്രതിഭകളുടെ ചിത്രങ്ങളും മേളയുടെ ഭാഗമാകും.
മുപ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. 14 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്. കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരത്തിന് അർഹമായ വാസന്തി, ബിരിയാണി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഇത്തവണ സംവാദവേദിയും ഓപ്പൺഫോറവും ഓൺലൈനിലാണ്.
ആദ്യദിനം നാലു മത്സരച്ചിത്രങ്ങളടക്കം പതിനെട്ടുചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനംചെയ്ത ‘ദി നെയിംസ് ഓഫ് ദ് ഫ്ളവേഴ്‌സ്’ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. ഷീൻലുക് ഗൊദാർദിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട്ട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് മേള നടക്കുക.


