പാലാ: വിവിഐപികളും വിഐപികളുമായിട്ടുള്ള ആളുകൾ എത്തുമ്പോൾ എല്ലാ രീതിയിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താറുണ്ട്. അതിൻ്റെ ഭാഗമായി അവരുടെ ഗ്രൂപ്പിലുള്ള ഒരു ബ്ലഡ് ഡോണറേയും റഡിയാക്കേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പര്യടനത്തിനായി കഴിഞ്ഞ ദിവസം പാലായിൽ എത്തിയ രാഹുൽ ഗാന്ധിയുടെ ആരോഗ്യ സുരക്ഷാ സംവിധാനത്തിൽ ബ്ലഡ് ഡോണറായി മാർ ജേക്കബ് മുരിക്കനും റഡിയായിട്ടിരുന്നു. രാഹുൽ ഗാന്ധിയുടേയും മുരിക്കൻ പിതാവിൻ്റെയും ബ്ലഡ് ഗ്രൂപ്പ് ഒരേ ഗ്രൂപ്പാണ്.
പാലാ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിലാണ് ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.
ആരോഗ്യ വകുപ്പധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പാലായിൽ തന്നെയുള്ള ഒരു ബ്ലഡ് ഡോണറെ അന്വേഷിച്ച് പിതാവിലേക്ക് എത്തിച്ചേർന്നത്.
വൃക്ക ദാതാവുകൂടിയായ പിതാവ് ഒരു റഗുലർ രക്തദാതാവുകൂടിയാണ്. പാലാ ബ്ലഡ് ഫോറത്തിൻ്റെ പ്രഥമ അംഗമാണ് മാർ ജേക്കബ് മുരിക്കൻ.
