ചങ്ങനാശേരി : പരസ്യങ്ങളിൽ മാത്രം നിറഞ്ഞുനിന്ന സർക്കാരാണു 5 വർഷമായി കേരളം ഭരിക്കുന്നതെന്നും ജനഹൃദയങ്ങളിൽ സ്ഥാനം നേടാൻ പിണറായി സർക്കാരിനു സാധിച്ചിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ചങ്ങനാശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ജെ.ലാലിയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യവുമായി ബന്ധമില്ലാത്ത പ്രചാരണമാണു സർക്കാർ നടത്തുന്നത്. യുഡിഎഫ് സർക്കാർ വിജയകരമായി നടപ്പാക്കിയ ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ അരി എന്ന പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചു. സൗജന്യ കിറ്റിനെക്കുറിച്ചു പറയുമ്പോഴും പാവങ്ങളുടെ കിറ്റിൽ കയ്യിട്ടുവാരിയ ആക്ഷേപമാണു സമൂഹത്തിനു മുന്നിൽ നിൽക്കുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന അതേ വിലയിൽ എപിഎൽ കുടുംബങ്ങൾക്കു യുഡിഎഫ് സർക്കാർ അരി നൽകിയപ്പോൾ അവിടെയും എൽഡിഎഫ് സർക്കാർ 2 രൂപ കൂട്ടി.5 വർഷം കൊണ്ടു നടപ്പാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ഒരു പദ്ധതിയും ഇല്ലാതെയാണ് ഇടതു സർക്കാർ ഇറങ്ങുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
നിയോജക മണ്ഡലം ചെയർമാൻ പി.എൻ.നൗഷാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, കെ.വി.തോമസ്, ജോയ് ഏബ്രഹാം, ജോസി സെബാസ്റ്റ്യൻ, പി.എസ്.രഘുറാം, അസീസ് ബഡായിൽ, മാത്തുക്കുട്ടി പ്ലാത്താനം, അസീസ് കുമാരനല്ലൂർ, പി.എച്ച്.നാസർ, എം.ആർ.മഹേഷ്, ജോമോൻ തോമസ്, ആന്റണി കുന്നുംപുറം, സെബിൻ ജോൺ, സാബു മുല്ലശേരി, വി.എൻ.നാരായണപിള്ള, ചെറിയാൻ ചാക്കോ, പി.എച്ച്.ഷാജഹാൻ, തോമസ് അക്കര, ജോർജ്കുട്ടി മാപ്പിളശേരി, ശശിധരൻ നായർ, സോബിച്ചൻ കണ്ണമ്പള്ളി, റിജു ഇബ്രാഹിം, ജസ്റ്റിൻ പാലത്തിങ്കൽ, മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

