കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ഇതിൽ പറയുന്നു. മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ലൈഫ്മിഷൻ ഉൾപ്പടെയുള്ള ഇടപാടുകളിൽ സംസ്ഥാനത്തെ പല പ്രമുഖർക്കും കമ്മിഷൻ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

