തിരുവല്ല: മെട്രോമാൻ ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണു പറഞ്ഞത്. കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത്. ഇതു വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു
വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കും. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപലായനമായിരിക്കും ഫലം. തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ഇ.ശ്രീധരൻ തന്നെയാണ് കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞതായി ദേശീയമാധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരമൊരു പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞതെന്നും സുരേന്ദ്രനുമായി സംസാരിച്ചപ്പോൾ അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്നാണു പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞിരുന്നു.

