ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഡൽഹി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 4 മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കർഷകർ ഭാരത് ബന്ദ് നടത്തുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രവർത്തകർ രാജ്യത്തുടനീളം റോഡ്, റെയിൽ ഉപരോധം സംഘടിപ്പിക്കും. കാർഷികനിയമങ്ങളും തൊഴിൽ നിയമങ്ങളും പിൻവലിക്കുക എന്ന ആവശ്യത്തിനൊപ്പം വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, റെയിൽവേ, പ്രതിരോധം, ടെലികോം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണം തടയൽ തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിക്കാട്ടിയാണ് വൈകിട്ട് 6 മണി വരെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

