ബാലുശ്ശേരി : ധർമജൻ ബോൾഗാട്ടി നാട്ടുകാരൻ അല്ലാത്തത് ബാലുശ്ശേരിക്കാർക്ക് ഗുണമാണെന്നും എംഎൽഎ ആകുമ്പോൾ ബന്ധുക്കളെയും സ്വന്തക്കാരെയും ഇവിടെ പിൻവാതിലിലൂടെ നിയമിക്കുമെന്ന പേടി വേണ്ടതില്ലെന്നും നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു രമേഷ് പിഷാരടി. നാട്ടുകാരൻ ആകുന്നതിലല്ല നല്ല മനുഷ്യനാകുന്നതിലാണ് കാര്യം എന്നും പിഷാരടി പറഞ്ഞു .
ബാലുശ്ശേരി മണ്ഡലം വലിയ രീതിയിൽ ശ്രദ്ധാകേന്ദ്രമായതു ധർമജന്റെ വരവോടെയാണ്. ധർമജൻ ഒരുപാട് ആലോചിച്ചാണ് സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. മാറാൻ തയാറായില്ലെങ്കിൽ ബാലുശ്ശേരിക്ക് പുരോഗതി ഉണ്ടാകില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. കൺവൻഷൻ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഗിരീഷ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. എൽഡിഎഫിന്റെ ഉരുക്കു കോട്ടയാണു ബാലുശ്ശേരിയെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി പറഞ്ഞു.
എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, കെപിസിസി സെക്രട്ടറി കെ.ബാലകൃഷ്ണൻ കിടാവ്, കെ.എം.ഉമ്മർ, കെ.രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, നിജേഷ് അരവിന്ദ്, ഐ.പി.രാജേഷ്, നിസാർ ചേലേരി, എം.ഋഷികേശൻ, കെ.കെ.പരീദ്, എം.കെ.പരീദ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. കൺവൻഷനു ശേഷം ടൗണിൽ പ്രകടനം നടത്തി.


