തിരുവനന്തപുരം :വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലത്തിലും ആയിരക്കണത്തിനു കള്ളവോട്ടർമാരെ ചേർത്തിരിക്കുകയാണ്. കഴക്കൂട്ടം 4506, കൊല്ലം 2534, തൃക്കരിപ്പൂർ 1434, കൊയിലാണ്ടി 4611, നാദാപുരം 6171, കൂത്തുപറമ്പ് 3525 , അമ്പലപ്പുഴ 4750 എന്നിങ്ങനെയാണ് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തിയ കള്ളവോട്ടർമാരുടെ എണ്ണമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി.
വോട്ടർപട്ടികയിൽ ഇരട്ടിപ്പ് വന്നവരെ ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു കത്തും നൽകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കതിരെ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണു മിക്കയിടത്തും കൃത്രിമമായി കള്ളവോട്ടർമാരെ സൃഷ്ടിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസമുണ്ട്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. കള്ളവോട്ടർമാരെ സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പിന്തുണ ഇല്ലാതെ കള്ളവോട്ടർമാരെ സൃഷ്ടിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം കാണിച്ചു. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതു ചെയ്തത്. ഒരേ ആളിന്റെ പേരിൽ നിരവധി വോട്ടർ ഐഡി സൃഷ്ടിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിനു തുടർഭരണം ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുകയാണ്. ബാലശങ്കറിന്റെ പ്രസ്താവന ഗൗരവമുള്ളത്. നേരിയ വോട്ട് വ്യത്യാസമുള്ള സ്ഥലങ്ങളിൽ ബിജെപി സഹായിച്ചാൽ ജയിക്കാനാകുമെന്നാണ് സിപിഎം സ്വപ്നം കാണുന്നത്. സിപിഎമ്മിനു തുടർഭരണവും ബിജെപിക്കു കൂടുതൽ സീറ്റുമെന്ന ലക്ഷ്യമിട്ട് അപകടകരമായ കളിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

