കണ്ണൂർ: ഹൈക്കമാൻഡ് എന്നു പറഞ്ഞാൽ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെ.സി.വേണുഗോപാലാണെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു. വേണുഗോപാലിന് അദ്ദേഹത്തിന്റേതായ താൽപര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കുറേ ആളുകളെ പട്ടികയിൽ കയറ്റി. വർക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി തനിക്ക് ആവശ്യമില്ല. ഇപ്പോൾ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണ്. തൃപ്തികൊണ്ടല്ല തുടരുന്നതെന്നും സുധാകരൻ പറഞ്ഞു
കാര്യക്ഷമതയും വിജയസാധ്യതയും നോക്കി, നിഷ്പക്ഷമായ പട്ടിക താൻ കൊടുത്തിരുന്നു. അതിൽ വലിയ ശതമാനം പേർ തള്ളിപ്പോയി. എന്തുകൊണ്ടു തള്ളിയെന്നു ബോധ്യപ്പെടുത്തിയില്ല. വേറെ പേര് വന്നപ്പോൾ മാത്രമാണു തള്ളിപ്പോയ കാര്യം അറിഞ്ഞത്. വിജയസാധ്യതയെക്കാൾ വേണ്ടപ്പെട്ടവർ എന്ന പരിഗണനയാണു നേതാക്കൾ നൽകിയത്. എഐസിസി നേതൃത്വത്തെ നേർവഴി കാണിക്കാൻ സ്ക്രീനിങ് കമ്മിറ്റിയിൽ അംഗങ്ങളാക്കിയ കേരളത്തിലെ നേതാക്കൾ അവരെ വഴി തെറ്റിക്കുകയാണുണ്ടായത്.
ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്തം ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കാണ്. കെപിസിസി പ്രസിഡന്റും കമ്മിറ്റിയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ഈ നേതാക്കൾ പറയുന്നതു കേട്ട് ശാന്തമായി മാറിനിൽക്കുന്നയാളാണു മുല്ലപ്പള്ളി. ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർക്കും നിരാശയുണ്ടാക്കിയ സ്ഥാനാർഥിപ്പട്ടികയാണിത്. പട്ടിക വന്നതിനുശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടു.

