കൊൽക്കത്ത∙ ബംഗാളിൽ ഒരു ഓഫീസ് കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു. മധ്യ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. മരിച്ചത് നാലു അഗ്നിശമന സേന ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും റെയിൽവേ ഉദ്യോഗസ്ഥനും സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.
ഒൻപത് മൃതദേഹങ്ങളിൽ അഞ്ചെണ്ണം 12ാം നിലയിലെ ലിഫ്റ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ലിഫ്റ്റിനുള്ളിൽ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവർ മരിച്ചത്. കൊൽക്കത്തിലെ ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തമുണ്ടായത്. കിഴക്കൻ റെയിൽവേയും തെക്കൻ റെയിൽവേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫിസ് കെട്ടിടമാണിത്.
സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെ മമതാ ബാനർജി സംഭവസ്ഥലം സന്ദർശിച്ചു.

