ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 1400 കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആറ് മാക്‌സ് ആശുപത്രികളില്‍ അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടു ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
ബുധനാഴ്ച രാത്രി എട്ടു മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഏതു വിധേനയും ഓക്‌സിജന്‍ എത്തിക്കണമെന്നും ജസ്റ്റിസുമാരായ വിപിന്‍ സാങ്‌വി, രേഖാ പാലി എന്നിവരങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
ഉരുക്ക്, പെട്രോളിയം മേഖലയില്‍നിന്നുള്ള മുഴുവന്‍ ഓക്‌സിജനും മാറ്റേണ്ടിവന്നാലും ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കണമെന്ന് കോടതി അറിയിച്ചു. ജനങ്ങളുടെ ജീവനെക്കുറിച്ച് സര്‍ക്കാരിന് ചിന്തയില്ലെന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ വ്യവസായത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ടാറ്റ ഉള്‍പ്പെടെയുള്ളവര്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എല്ലാ അധികാരവും ഉണ്ട്. വിമാനമാര്‍ഗം ഓക്‌സിജന്‍ എത്തിക്കുന്നതിനെക്കുറിച്ചു പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
