കൊച്ചി: ആഡംബര ഹോട്ടലുകളിൽ നടക്കുന്ന ഡിജെ പാർട്ടികളിലെ ലഹരിമരുന്നു വിതരണത്തിൽ ചില ഡിജെമാർക്കും പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ. പാർട്ടികൾക്കായി വിദേശത്തു നിന്നെത്തുന്ന ചില ഡിജെമാർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ 3 ആഡംബര ഹോട്ടലുകളിലെ ഡിജെ പാർട്ടികളിൽ എക്സൈസും കസ്റ്റംസ് പ്രിവന്റീവും ചേർന്നു പരിശോധന നടത്തുകയും എംഡിഎംഎയും കഞ്ചാവും സഹിതം 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശിയായ ഒരു ഡിജെയുടെ നേതൃത്വത്തിലുള്ള ഡിജെ പാർട്ടിയും ഇതേ ദിവസം പരിശോധിക്കാൻ കസ്റ്റംസും എക്സൈസും ലക്ഷ്യമിട്ടിരുന്നു. എന്നാൽ, പാർട്ടി മാറ്റിയതിനാൽ പരിശോധന വേണ്ടിവന്നില്ല.
ഡിജെയെ അന്വേഷണ ഉദ്യോഗസ്ഥർ തപ്പിയെങ്കിലും ആൾ വിദേശത്തേക്കു കടന്നതായാണു വിവരം. ഇടയ്ക്കിടെ വിസിറ്റ് വീസയിലെത്തി ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഇയാളെപ്പറ്റി കസ്റ്റംസും എക്സൈസും അന്വേഷണം തുടരുകയാണ്. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ചില ഡിജെമാരും നിരീക്ഷണത്തിലാണ്. ബെംഗളൂരു, ചെന്നൈ, മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നു കുറിയർ വഴിയും എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിമരുന്നുകൾ കൊച്ചിയിലെത്തുന്നുണ്ട്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടിക്കു വേണ്ടി എത്തിച്ച 100 ഗ്രാം എംഡിഎംഎ കഴിഞ്ഞദിവസം പാലക്കാട്ട് പിടികൂടിയിരുന്നു. 100 പേർക്കെങ്കിലും മതിയാകുന്ന അളവാണിത്.
'