ന്യൂഡല്‍ഹി:അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയ റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഇന്ത്യയിലെ അഞ്ച് ഫാര്‍മ കമ്പനികളില്‍ നിര്‍മിക്കും. വര്‍ഷാവസനത്തോടെ 85 കോടി ഡോസുകള്‍ ഉല്പാദിപ്പിക്കാനാണ് പദ്ധതി. ഏപ്രില്‍ അവസാനത്തോടെ പരിമതിമായ അളവില്‍ വാക്‌സിന്‍ ലഭ്യമാകും.
കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട വാക്‌സിനാണ് സ്പുട്‌നിക് v. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയുടെ പച്ചക്കൊടി ലഭിച്ചതോടെയാണ് ഇന്ത്യയില്‍ വാക്‌സിന്‍ ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് v. നേരത്തേ കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി ലഭിച്ചിരുന്നു. സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നു എന്ന വാര്‍ത്തകള്‍ക്ക് പിറകേയാണ് സ്പുട്‌നിക് v ന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് നിര്‍മിക്കുന്ന സ്പുട്‌നിക് v വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കന്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഡോ.റെഡ്ഡീസ് അപേക്ഷിച്ചിരുന്നു.
വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ഏറ്റവും അധികം ജനസംഖ്യയുളള രാജ്യമാണ് ഇന്ത്യയെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ് ഫണ്ട് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗ്ലാന്‍ഡ് ഫാര്‍മ, ഹെതെറോ ബയോഫാര്‍മ, പനസീ ബയോടെക്ക്, സ്‌റ്റെലിസ് ബയോഫാര്‍മ, വിര്‍കോവ് ബയോടെക്ക് എന്നീ അഞ്ച് ഇന്ത്യന്‍ ഫാര്‍മകളുമായാണ് ആര്‍.ഡി.ഐ.എഫ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഓരോവര്‍ഷവും 85 കോടി ഡോസ് വാക്‌സിന്‍ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.
'ഏപ്രില്‍ അവസാനത്തോടെ ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മെയ് മാസത്തോടെ എന്തായാലും ഇന്ത്യക്ക് ഡോസുകള്‍ ലഭിക്കുമെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിരില്‍ പറഞ്ഞു.
