Hot Posts

6/recent/ticker-posts

വോട്ടെണ്ണൽ ദിനം ലോക്ഡൗൺ ആവശ്യമില്ലെന്ന് ഹൈക്കോടതി - BMTV




കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ ലോക്‌ഡൗൺ ആവശ്യമില്ലെന്ന് ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടിന് തിരഞ്ഞെടുപ്പു ഫലം വരുന്നതോടെ അണികൾ കൂട്ടംകൂടി ആഹ്ലാദപ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചു ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തിൽ സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുൻകരുതൽ തൃപ്തികരമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം തടയുന്നതിന് സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ നടപടികളുടെ വിശദാംശങ്ങൾ കോടതിക്കു കൈമാറിയിരുന്നു. വോട്ടെണ്ണൽ ദിവസം ആളുകളെ കൂട്ടം കൂടാൻ അനുവദിക്കില്ല, ജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ വരാൻ അനുവദിക്കില്ല തുടങ്ങിയ സർവകക്ഷി യോഗത്തിന്റെ തീരുമാനം സർക്കാർ കോടതിയിൽ അറയിച്ചിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിജയാഹ്ലാദ പ്രകടനങ്ങൾ തടഞ്ഞുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവും കോടതിക്കു കൈമാറി. ഇവ രണ്ടും പരിഗണിച്ചുകൊണ്ടാണ് ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും കൂടുതൽ നടപടികളിലേക്കു കടക്കേണ്ടതില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഉത്തരവിട്ടത്. സർക്കാർ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശങ്ങൾ അവഗണിച്ച് ആരെങ്കിലും നിയമലംഘനം നടത്തിയാൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന നിരീക്ഷണം രേഖപ്പെടുത്തിക്കൊണ്ട് ഹർജി തള്ളാതെ തീർപ്പാക്കുകയാണ് കോടതി ചെയ്തത്.

Reactions