ന്യൂഡൽഹി: കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്നുതന്നെ സമർപ്പിച്ച് കക്ഷികൾക്ക് വിതരണം ചെയ്യാൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു. മഥുര ജയിലിൽ തടവിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ ചങ്ങലക്കിട്ടെന്ന് അഭിഭാഷകന്‍ കോടതിയിൽ അറിയിച്ചു. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് യുപി സര്‍ക്കാർ വാദിച്ചു. കാപ്പന്റെ കേസിൽ ഹേബിയസ് കോർപസ് നിലനിൽക്കില്ലെന്നാണ് സോളിസിറ്റർ ജനറലിന്റെ വാദം.
ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കാപ്പനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ നാളെ വാദം കേൾക്കും. കാപ്പനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാർ ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് കത്തയച്ചിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു. ജയിലില്‍ കുഴഞ്ഞുവീണ കാപ്പന് താടിയെല്ലിന് പരുക്കേറ്റിരുന്നു. കടുത്ത പ്രമേഹ രോഗിയായ കാപ്പന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ഹത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. ആറു മാസത്തിലേറെയായി മഥുര ജയിലില്‍ കഴിയുകയാണ്.
