ചെന്നൈ: ബിജെപിക്കും മോദി സർക്കാരിനുമെതിരായ നടൻ സിദ്ധാർത്ഥിന്റെ ട്വീറ്റ് എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അധികാരത്തില്‍ എത്തിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപി പ്രസ്താവനയെ പരിഹസിച്ചു രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.
‘അധികാരത്തിൽനിന്ന് നിങ്ങളെ പുറത്താക്കുന്ന ദിവസം ഈ രാജ്യം യഥാർഥത്തിൽ വാക്സിനേറ്റഡ് ആകും (പ്രതിരോധ കുത്തിവയ്പ്പെടുത്ത സ്ഥിതിയിലാകും). അതു വരികയാണ്. ഞങ്ങളും അപ്പോഴവിടെയുണ്ടാകും... കുറഞ്ഞ പക്ഷം ഈ ട്വീറ്റിനെ ഓർമപ്പെടുത്താനായി’ – അധികാരത്തില്‍ എത്തിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടാണ് സിദ്ധാർത്ഥിന്റെ പരാമർശം.
മേയ് ഒന്ന് മുതല്‍ കമ്പനികളില്‍നിന്ന് നേരിട്ട് കാശ് കൊടുത്തു വാക്‌സീന്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സീന്‍ നയം പുറത്തുവന്നതിനു പിന്നാലെയായിരുന്നു ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.
